ജേക്കബ് തോമസിനെതിരെ കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

204

തിരുവനന്തപുരം: തന്‍റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണര്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്നെപോലുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ പരിശോധന നടത്തുമ്ബോള്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഒരു കൂട്ടം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്നും മൂന്ന് പേജുള്ള പരാതിയില്‍ കെ.എം എബ്രഹാം പറയുന്നു. വീട് പരിശോധിക്കാനുള്ള വാറണ്ട് ഉദ്യോഗസ്ഥരുടെ കയ്യിലുണ്ടായിരുന്നില്ല. ഇത് ചോദിച്ച തന്‍റെ ഭാര്യയോട് മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് പരിശോധനയെന്ന് അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ഉത്തരവ് പ്രകാരമാണ് കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഇതിന്‍റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ ജഗതിയിലെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. എന്നാല്‍ വീടിന്റെ അളവെടുക്കുക മാത്രമാണ് ചെയ്തതെന്നും പരിശോധന നടത്തിയിട്ടില്ലെന്നുമാണ് വിജിലന്‍സ് അറിയിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ ഏകപക്ഷീയമായ നിലപാടുകള്‍ മൂലം തങ്ങള്‍ക്ക് സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് ഒരു കൂട്ടം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY