ജെഎന്‍യു വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കനയ്യ കുമാര്‍

169

ന്യൂഡല്‍ഹി• ജെഎന്‍യു വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍. ജെഎന്‍യുവിലെ കോണ്ടത്തിന്റെ എണ്ണം കണ്ടെത്തിയ സര്‍ക്കാരിന് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാകുന്നില്ലെന്നു കനയ്യ പറഞ്ഞു. ജെഎന്‍യുവില്‍നിന്ന് 3,000 കോണ്ടം കണ്ടെടുത്തെന്ന് അവര്‍ പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടു കാണാതായ നജീബ് അഹമ്മദിനെ കണ്ടുപിടിച്ചുകൂടാ. ബിഹാറില്‍നിന്ന് തിഹാറിലേക്ക് (From Bihar to Tihar) എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമിട്ടു കനയ്യയുടെ പരാമര്‍ശം. ഫെബ്രുവരിയില്‍ സര്‍വകലാശാലയില്‍ നടന്ന പ്രശ്നങ്ങള്‍ക്കിടെ രാജസ്ഥാനിലെ ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജയുടെ പരാമര്‍ശമാണ് കനയ്യയുടെ പ്രസ്താവനയ്ക്കു പിന്നില്‍. എല്ലാ ദിവസവും ജെഎന്‍യുവില്‍ നിന്ന് 3,000 ബിയര്‍ കാനുകളും കുപ്പികളും, 2,000 ഇന്ത്യന്‍ മദ്യക്കുപ്പികള്‍, 10,000 സിഗരറ്റ് കുറ്റികള്‍, 4,000 ബീഡികള്‍, 50,000 എല്ലിന്‍ കഷണങ്ങള്‍, ചിപ്സിന്റെ 2,000 റാപ്പറുകള്‍, 3,000 കോണ്ടങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ തുടങ്ങിയവ കണ്ടെത്തുന്നുണ്ടെന്നായിരുന്നു അഹൂജയുടെ പരാമര്‍ശം.
ഒക്ടോബര്‍ 14നാണ് നജീബിനെ കാണാതായത്. കാണാതാകുന്നതിനു മുന്‍പ് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ഹോസ്റ്റലില്‍ ആക്രമിച്ചെന്നാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എഐഎസ്‌എയുടെ ആരോപണം. എന്നാല്‍ ഈ വാദം എബിവിപി തള്ളിക്കളഞ്ഞു.