യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍

10

യൂറോ കപ്പ് ഫുട്‌ബോളില്‍ എ ഗ്രൂപ്പില്‍ നിന്നും ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം വിജയവുമായാണ് അസൂറികളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. മറ്റ് മത്സരങ്ങളില്‍ റഷ്യയും വെയില്‍സും വിജയിച്ചു.ഒന്‍പത് പതിറ്റാണ്ട് മുന്‍പ് വിക്‌റ്റോറിയോ പോസോയുടെ കീഴില്‍ ഇറ്റലി ടീം കുറിച്ച മുപ്പത് ജയങ്ങളുടെ റെക്കോഡിനൊപ്പമെത്താന്‍ മാഞ്ചീനിയുടെ ശിഷ്യഗണത്തിന് ഇനി ഒറ്റ വിജയം മതിയാകും. റോമിലെ ഒളിമ്ബിക് സ്റ്റേഡിയത്തില്‍ ആക്രമണാത്മക ഫുട്‌ബോള്‍ കെട്ടഴിച്ച ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട് വലയില്‍ എത്തിച്ചത് എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ്.

അസൂറികളുടെ അറ്റാക്കിംഗ് ശൈലിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ സ്വിസ് പ്രതിരോധം പാടുപെട്ടു. ജോര്‍ഗീഞ്ഞോയും ലോക്കാട്ടെല്ലിയും ബറെല്ലയും മധ്യനിരയില്‍ കളിമെനഞ്ഞപ്പോള്‍ ബെറാര്‍ഡി-ഇമൊബീല്‍ – ഇന്‍സിഗ്‌നെ ത്രയത്തിന് ഇടതടവില്ലാതെ പന്തെത്തി. പരുക്കിനെ തുടര്‍ന്ന് നായകന്‍ കില്ലീനി റിസര്‍വ്വ് ബഞ്ചിലേക്ക് മടങ്ങിയെങ്കിലും ബൊനൂച്ചി പട നയിച്ചു. ഇരുപത്തിയാറാം മിനുട്ടില്‍ ബെറാര്‍ഡിയുടെ പാസില്‍ സ്വിസ് ഗോളിയെ നിസ്സഹായനാക്കി മാനുവല്‍ ലോക്കാടെല്ലിയുടെ സൂപ്പര്‍ ഫിനിഷിംഗ്. ഒളിമ്ബിക് സ്റ്റേഡിയത്തെ ആവേശത്തിലാക്കി അസൂറിപ്പടയുടെ ഗോള്‍ ആഘോഷം.

രണ്ടാം പകുതിയുടെ ഏഴാം മിനുട്ടില്‍ ലോക്കാട്ടെല്ലി ഡബിളില്‍ അസൂറികള്‍ ലീഡ് ഉയര്‍ത്തി. തുടരെ ഗോള്‍ വഴങ്ങിയതോടെ കൗണ്ടര്‍ അറ്റാക്കിലായി സ്വിറ്റ്‌സര്‍ലണ്ടിന്റെ ശ്രദ്ധ. ഷാക്കീരിയും സാക്കയും എംബോളോയും മികച്ച പന്തടക്കവുമായി ഇരച്ചു കയറിയപ്പോള്‍ ബൊനൂച്ചി കപ്പിത്താനായ പ്രതിരോധ നിര കോട്ട കെട്ടി. എണ്‍പത്തിയൊന്‍പതാം മിനുട്ടില്‍ ഇമൊബീലിലൂടെ ഇറ്റലി ഗോള്‍ പട്ടിക മൂന്നാക്കി ഉയര്‍ത്തി.

വിശ്വസ്ത കരങ്ങളുമായി ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മയും നിറഞ്ഞു നിന്നതോടെ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് അസൂറിപ്പടയ്ക്ക് തികച്ചും രാജകീയ പ്രവേശനം. യൂറോ കപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത് രണ്ടാം തവണയാണ് ഇറ്റലി മൂന്ന് ഗോള്‍മാര്‍ജിനില്‍ വിജയം നേടുന്നത്. ബി ഗ്രൂപ്പിലെആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോടു തോറ്റ റഷ്യയുടെ പോരാട്ട വീര്യമാണ് ഫിന്‍ലന്റിനെതിരെ കണ്ടത്. നാല്‍പത്തിയേഴാം മിനുട്ടില്‍ അലക്‌സി മിറാന്‍ചുക്ക് നേടിയ ഗോളിലായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ റഷ്യയുടെ വിജയം.

എ ഗ്രൂപ്പില്‍ വെയില്‍സിനോട് കൂടി തോല്‍വി വഴങ്ങിയതോടെ തുര്‍ക്കിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു. 42ആം മിനുട്ടില്‍ ആറോണ്‍ റാംസേയും കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പ്രതിരോധ നിരക്കാരന്‍ കോണര്‍ റോബര്‍ട്ട്‌സും നേടിയ ഗോളുകളിലായിരുന്നു വെല്‍ഷ് ടീമിന്റെ വിജയം. എ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് വെയില്‍സ്. തോല്‍വിയറിയാതെ തുടര്‍ച്ചയായി 29 മത്സരങ്ങള്‍. റോബര്‍ട്ടോ മാഞ്ചീനിക്ക് കീഴില്‍ യൂറോ കപ്പിലും അജയ്യത തുടരുകയാണ് അസൂറിപ്പട.