കാസര്‍കോടിന് ഇത് ചരിത്രനിമിഷം – ദേശീയപാതയുടെ ആറ് റീച്ചുകളുടെ ശിലാസ്ഥാപനം നടത്തി

47

കാസറഗോഡ് : ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം,ജില്ലയുടെ സ്വപ്നപദ്ധതിയായ ദേശീയപാത 66 അഭിവൃദ്ധി പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍തുടിക്കുകയാണ്.ജില്ലയിലെമാത്രം മൂന്ന് ദേശീയപാത റീച്ചുകളായ തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം,നീലേശ്വം-തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മത്തിന് കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാള്‍ സാക്ഷിയായി. ഇതുള്‍പ്പെടെ ദേശീയപാതാ 66 ന്റെ ആറ് റീച്ചുകളുടെ ശിലാസ്ഥാപനമാണ് നടന്നത്

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ശിലാസ്ഥാപന കര്‍മ്മം നടത്തിയത്.എന്‍ എച്ച് 66 ന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം-വ്യവസായ-വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകും. ഗതാഗത കുരുക്കിന് ശാശ്വത പരിഹാര മാകും

ജില്ലയുടെ മൂന്ന് റീച്ചുകള്‍ യഥാര്‍ത്ഥ്യമാക്കാന്‍ 6769 കോടി രൂപ ചെലവ്

ജില്ലയിലൂടെ കടന്ന് പോകുന്ന മൂന്ന് ദേശീയപാതാ റീച്ചുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 6769 കോടി രൂപയാണ് ചെലവ്. 39 കിലോമീറ്റര്‍ നീളമുള്ള തലപ്പാടി-ചെങ്കള റീച്ചിന് 1981 കോടി രൂപയും 37 കിലോമീറ്റര്‍ നീളമുള്ള ചെങ്കള-നീലേശ്വരം റീച്ചിന് 1746 കോടി രൂപയും, 40 കിലോമീറ്റര്‍ നീളമുള്ള നീലേശ്വരം-തളിപ്പറമ്പ് 3042 കോടിരൂപയുമാണ് ചെലവ് വരുക.ഈ റീച്ചുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും.ഇതോടെ ആറുവരി പാതയാണ് യാഥാര്‍ത്ഥ്യമാകുക.ജില്ലയിലെ റോഡ് ഗതാഗതം സുഗമാക്കുന്നതിന് ഇത് സഹായിക്കും.

ഇത് കൂടാതെ 30 മീറ്റര്‍ നീളമുള്ള തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച്,പാലോളിപാലം-മൂരാട് പാലംവരെയുള്ള ആറ് വരി പാതയുടെ നിര്‍മ്മാണവും അനുബന്ധജോലിയും,കോഴിക്കോട് ബൈപ്പാസ്,ചെറുത്തോണി മേല്‍പ്പാല നിര്‍മ്മാണം എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മവും കഴക്കൂട്ടം-മുക്കോല ദേശീയപാത സമര്‍പ്പണവും ഇതൊടൊപ്പം നടത്തി.

തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് യഥാര്‍ത്ഥ്യമാക്കാന്‍ 2715 കോടി രൂപയും,പാലോളിപാലം-മൂരാട് പാലംവരെയുള്ള ആറ് വരി പാതയുടെ നിര്‍മ്മാണത്തിനും അനുബന്ധജോലിക്കും 210 കോടിരൂപയും കോഴിക്കോട് ബൈപ്പാസിന് 1853 കോടി രൂപയും ചെറുത്തോണി മേല്‍പ്പാല നിര്‍മ്മാണത്തിന് 24 കോടി രൂപയുമാണ് ചെലവ് വരുക. തലസ്ഥാന നഗരിയുടെ സ്വപ്നപദ്ധതിയായ കഴക്കൂട്ടം-മുക്കോല യഥാര്‍ത്ഥ്യമാക്കാന്‍ ചെലവഴിച്ചത്1121 കോടി രൂപയുമാണ്. 204 കിലോമീറ്റര്‍ നീളമുള്ള ഈ എട്ട് പദ്ധതി 12692 കോടിരൂപ ചെലവുള്ളതാണ്.

NO COMMENTS