ആൻട്രിക്സ് – ദേവാസ് ഇടപാടില്‍ ജി.മാധവൻനായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം

319

ന്യൂഡല്‍ഹി∙ ആൻട്രിക്സ് – ദേവാസ് ഇടപാടിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻനായരെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ സ്പേസ് മാർക്കറ്റ‌ിങ് വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനും ബെംഗളൂരു ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയയും തമ്മിൽ 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണ് കേസിനടിസ്ഥാനമായത്. ജിസാറ്റ്–6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില പ്രത്യേക സേവനങ്ങൾ എസ് ബാൻഡ് മുഖേന പ്രയോജനപ്പെടുത്തുന്നതിനു ദേവാസിനെ വഴിവിട്ടു സഹായിച്ചതു വഴി 578 കോടിയുടെ നേട്ടം കമ്പനിക്ക് ഉണ്ടായി എന്നാണ് കേസ്.

ഈ കേസിന്റെ വിശദാംശങ്ങൾ സിബിഐ സംഘം മാധവൻനായരിൽ നിന്നു തേടിയിരുന്നു. ഈ കാലയളവിൽ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. കരാർ ഒപ്പിടുമ്പോൾ ആൻട്രിക്സിന്റെ ഗവേണിങ് കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.

ജിസാറ്റ്–6 ഉപഗ്രഹത്തിന്റെ എസ്–ബാൻഡ് ട്രാൻസ്പോണ്ടറുകൾ ഡിജിറ്റൽ മൾട്ടിമീഡിയ സേവനങ്ങൾക്കായി ദേവാസിനു നൽകാമെന്നായിരുന്നു ആൻട്രിക്സുമായുള്ള കരാർ. ജി സാറ്റ്–6, 6 എ എന്നീ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി തന്ത്രപ്രധാനമായ 70 മെഗാഹെട്സ് എസ് ബാൻഡ് സ്പെക്ട്രം ഡിജിറ്റൽ മൾട്ടിമീഡിയ സേവനങ്ങൾക്കായി ദേവാസിനു നൽകാനായിരുന്നു വ്യവസ്ഥ. ഇതിനു പ്രതിഫലമായി 12 വർഷംകൊണ്ട് ദേവാസ് ആൻട്രിക്സിന് 30 കോടി യുഎസ് ഡോളർ (ഉദ്ദേശം 2000 കോടി രൂപ) നൽകാനും വ്യവസ്ഥ ചെയ്തു.

എന്നാൽ, ഈ തുക തീർത്തും കുറവാണെന്നും കരാറിൽ വൻ അഴിമതി നടന്നതായും ആരോപണമുയർന്നു. ദേശസുരക്ഷാ താൽപര്യങ്ങൾ മാനിക്കുന്നതല്ല കരാറെന്ന് സ്പേസ് കമ്മിഷൻ ശുപാർശ നൽകുകയും ചെയ്തു. തുടർന്ന് അന്നത്തെ കേന്ദ്രസർക്കാർ കരാർ റദ്ദാക്കി. കരാർ ഒപ്പിട്ട സമയത്തെ ഐഎസ്ആർഒ ചെയർമാൻ ജി.മാധവൻ നായരുൾപ്പെടെ അഞ്ചു മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY