ചന്ദ്രയാന്‍ -2 വിന്‍റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐ എസ്‌ ആര്‍ ഒ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

209

ബെംഗളൂരു: ചന്ദ്രയാന്‍ -2 വിന്‍റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം ഐ എസ്‌ ആര്‍ ഒ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. വിക്രമിനെ കുറിച്ച്‌ യാതൊരു അപ്ഡേറ്റുകളും നല്‍കാതെയാണ് ഇസ്രോയുടെ അവസാന ട്വീറ്റ്. ഇപ്പോഴും ശ്രമം തുടരുകയാണെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും ഇസ്രോ ട്വീറ്റില്‍ കുറിച്ചു.

അതേസമയം വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡ് ചെയ്ത സംഭവം അന്വേഷിക്കുന്നതിനായി ഇസ്രോ നിയോഗിച്ച ആഭ്യന്തര സമിതി ദൗത്യം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രാ ഈ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യുഎ​സ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ നിരീക്ഷണ പേടകം ലാന്‍ഡറിന് മുകളിലൂടെ സഞ്ചരിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടത്തിയിരുന്നു. വിക്രം ഇറങ്ങുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങളും വിക്രം ലാന്‍ഡ് ചെയ്ത സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനുമാണ് നാസയുടെ ശ്രമം.

എന്നാല്‍ ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം കുറവായതിനാല്‍ ചിത്രങ്ങള്‍ക്ക് വ്യക്തതത ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ അവ പുറത്തുവിടുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങവെ സപ്തംബര്‍ ഏഴിന് പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ച്‌ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായതായി ഐഎസ്‌ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.

NO COMMENTS