ചരിത്രം രചിച്ച് ഐഎസ്ആർഒ

220

ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങൾ വഹിച്ച് ഐഎസ്ആർഒ നടത്തിയ പിഎസ്എൽവി വിക്ഷേപണം വിജയകരം. പിഎസ്എൽവിയിൽ അർപ്പിച്ച വിശ്വാസം അതേപോലെ കാത്ത് പിഎസ്എൽവി സി34 വിദേശരാജ്യങ്ങളുടേതുൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9.26 നായിരുന്നു വിക്ഷേപം. 48 മണിക്കൂർ കൗണ്ട്ഡൗൺ തിങ്കൾ രാവിലെയാണ് ആരംഭിച്ചത്. പിഎസ്എൽവിയുടെ 36–ാമത്തെ ദൗത്യമാണ് ഇത്.

യുഎസ്, കാനഡ, ജർമനി, ഇന്തൊനീഷ്യ എന്നിവിങ്ങളിലെ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യൻ സർവകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആർഒ പിഎസ്എൽവി സി34 യാത്രതിരിച്ചത്. 2008ൽ ഒറ്റത്തവണ 10 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 2014 ൽ DNEPR റോക്കറ്റിൽ 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് റഷ്യയ്ക്കാണ് ഈ മേഖലയിലെ റെക്കോർഡ്.
ഇന്ത്യയുടെ കാർട്ടോസാറ്റ് –2സിയെക്കൂടാതെ ഇന്തൊനീഷ്യയുടെ LAPAN-A3, ജർമനിയുടെ BIROS, കാനഡയുടെ M3MSat, GHGsat, യുഎസിന്റെ SkySat Gen2-1, 12 ഡോവ് ഉപഗ്രഹങ്ങൾ, സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സർവകലാശാല), സ്വായം ഉപഗ്രഹങ്ങൾ (കോളജ് ഓഫ് എൻജിനിയറിങ്, പുണെ) എന്നീ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ആകെ, 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

കാർട്ടോസാറ്റ് – 2സി: ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ മിസൈൽ വിക്ഷേപണങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കാർട്ടോസാറ്റ് 2ൽ ഉള്ളത്. 2007ൽ ഇതേ ദൗത്യവുമായി കാർട്ടോസാറ്റ് – 2 വിക്ഷേപിച്ചിരുന്നു. കാർട്ടോസാറ്റ് – 2ബി 2010ൽ വിക്ഷേപിച്ചിരുന്നു.

സത്യഭാമസാറ്റ്: ചെന്നൈയിലെ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ചത്. ഒന്നര കിലോ ഭാരമുള്ള ഉപഗ്രഹത്തിൽ ഇൻഫ്രാറെഡ് സ്പെട്രോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ തോത് കണ്ടെത്തുകയാണ് ദൗത്യം.

സ്വായം ഉപഗ്രഹം: പുണെയിലെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ നിർമിച്ചതാണിത്. ഒരു കിലോ ഭാരമുള്ള ഉപഗ്രഹം ഹാം റേഡിയോ സമൂഹത്തിന് പോയിന്റ് ടു പോയിന്റ് മെസേജിങ് സേവനത്തിന് ഉതകുന്നതാണ്.

ഡോവ് ഉപഗ്രഹങ്ങൾ: മൂന്ന് യൂണിറ്റ് ക്യൂബ്സാറ്റുകൾ അടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിത്. ഫ്ലോക്ക് –2പി എന്ന പേരിലും അറിയപ്പെടുന്നു. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹമാണിത്. യുഎസ് നിർമിതം.

സ്കൈസാറ്റ് – സി1: ഗുഗിളിന്റെ ഉപ കമ്പനിയായ ടെറാ ബെല്ലയുടെ 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം എർത് – ഇമേജിങ് സാങ്കേതികവിദ്യയിൽ സഹായിക്കും. സബ് – മീറ്റർ റെസൊലൂഷൻ പ്രതിബിംബവും എച്ച്ഡി വിഡിയോയും നൽകാനുതകുന്ന സാങ്കേതിക വിദ്യ ഉപഗ്രഹത്തിലുണ്ട്.

ജിഎച്ച്ജിസാറ്റ്: കനേഡിയൻ നിർമിതം. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കും. കൂടാതെ ഹരിതഗൃഹവാതകത്തിന്റെ സാന്ദ്രതയും നിരീക്ഷിക്കും.

എം3എംസാറ്റ്: മാരിടൈം മോണിറ്റോറിങ് ആൻഡ് മെസേജിങ് മൈക്രോ – സാറ്റലൈറ്റ് എന്നാണ് പേര്. കനേഡിയൻ നിർമിത ഉപഗ്രഹം വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കാണ് ഉപയോഗിക്കുക.

ബിറോസ്: ബർലിൻ ഇൻഫ്രാറെഡ് ഒപ്റ്റിക്കൽ സിസ്റ്റം എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ജർമനിയുടേതാണ്. കാട്ടുതീ പോലെ ഉയർന്ന താപനിലയിലുള്ളവ പെട്ടെന്നു കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്റെ സംവിധാനം.

ലാപാൻ – എ3: ഇന്തൊനീഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുകയാണ് ദൗത്യം.
Courtsy : Manorama online

NO COMMENTS

LEAVE A REPLY