ഐഎസിന്റെ ഹിറ്റ്ലിസ്റ്റില്‍ കെ.സുരേന്ദ്രനും

197

കൊച്ചി• ഐഎസ് പ്രവര്‍ത്തകരെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റു ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ടതായി കണ്ടെത്തി. ഇവരുടെ ഹിറ്റ് ലിസ്റ്റിലുള്ള രാഷ്ട്രീയ നേതാവ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ്. രണ്ടു ജ‍ഡ്ജിമാര്‍, ഒരു പൊലീസ് ഉന്നതന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇവരുടെ ലിസ്റ്റിലുണ്ടായിരുന്നു.ഐഎസ് ബന്ധമുള്ളവരില്‍ നിന്നു വധഭീഷണിയുള്ള കാര്യം 10 ദിവസം മുന്‍പേ അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നതായി കെ.സുരേന്ദ്രനും പ്രതികരിച്ചു. കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണു പൊലീസിന്റെ മുന്നറിയിപ്പു ലഭിച്ചത്.ലോക്കല്‍ പൊലീസ് വീട്ടില്‍ വന്ന് സുരക്ഷാ കാര്യങ്ങള്‍ സംസാരിച്ചിരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. യാത്രകളില്‍ കരുതല്‍ വേണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ ആവശ്യമായ സംരക്ഷണം നല്‍കുന്നില്ലെന്ന് സുരേന്ദ്രന്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന പരോക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി.ഏഴു സ്ഥാപനങ്ങളെയും ഐഎസ് ബന്ധമുള്ള ഇവര്‍ ഉന്നമിട്ടെന്നാണു വിവരം. പാരിസ് ആക്രമണത്തിന്റെ മാതൃകയില്‍ കൊച്ചിയിലെ പൊതുയോഗത്തിലേക്കു ലോറി ഇടിച്ചുകയറ്റി ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടതോടെ പാളി. ആക്രമണത്തിനുള്ള സ്ഫോടക വസ്തുകള്‍ പ്രതികള്‍ ശേഖരിച്ചിരുന്നതായും സൂചനയുണ്ട്.മൊബൈല്‍ ആപ്പ് വഴിയും പിന്നീടു നേരിട്ടു കണ്ടപ്പോഴും ഇവര്‍ അക്രമണ പദ്ധതികളാണു ചര്‍ച്ച ചെയ്തത്. പ്രതികള്‍ ലക്ഷ്യമിട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. പത്തു ഫെയ്സ്ബുക് പേജുകളും മൂന്നു ബ്ലോഗുകളുമാണ് ഇവരുടെ ആശയപ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്.യെമനിലെ ദമ്മാജിലുള്ള കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 35 പേര്‍ സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിലുണ്ടെന്ന് പിടിയിലായവര്‍ എന്‍ഐഎ സംഘത്തോടു വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. 35 പേരെയും എന്‍ഐഎ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.