ഐഎസ്‌എല്‍ : അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത – ചെന്നൈയിന്‍ എഫ്സി പോരാട്ടം സമനിലയില്‍

266

കൊല്‍ക്കത്ത • ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചാംപ്യന്‍മാരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. കൊല്‍ക്കത്ത രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ സീസണ്‍ ജേതാക്കളായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും കഴിഞ്ഞ സീസണ്‍ ജേതാക്കളായ ചെന്നൈയിന്‍ എഫ്സിയും രണ്ടു ഗോളുകള്‍ വീതം നേടിയാണ് ചാംപ്യന്‍മാരുടെ കരുത്ത് കാണിച്ചത്. 86-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് സമനില സമ്മാനിച്ചത്.മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് കൊല്‍ക്കത്തയാണെങ്കിലും തൊട്ടടുത്ത മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ നേടി ചെന്നൈയിന്‍ തങ്ങളുടെ മികവ് കാണിച്ചു. 59-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം സമീഹ്ഗ് ഡൗട്ടിയാണ് കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ നേടിയത്.തുടര്‍ന്ന് ഉണര്‍ന്നു കളിച്ച ചെന്നൈയിന്‍ 66-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജയേഷ് റാണേയാണ് ഗോളടിച്ചത്. തൊട്ടുപിന്നാലെ 70-ാം മിനിറ്റില്‍ ഡുഡു നല്‍കിയ പാസ് ഗോളാക്കി ഹാന്‍സ് മുള്‍ഡര്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. മല്‍സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പെനാല്‍റ്റിയിലൂടെ ഹ്യൂമിന്റെ സമനില ഗോള്‍ പിറന്നത്.