മുംബൈ-കൊല്‍ക്കത്ത മല്‍സരം സമനിലയില്‍

310

മുംബൈ• ഐഎസ്‌എല്‍ മൂന്നാം പതിപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ട മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി ഒരു ഗോളിനു മുന്നിലായിരുന്നു. മുംബൈയ്ക്കായി ഡെഫെഡറിക്കോയും (27), കൊല്‍ക്കത്തയ്ക്കായി ഹവിയര്‍ ലാറയും (82) ഗോള്‍ നേടി. ചുവപ്പുകാര്‍ഡ് കണ്ട പ്രോണയ് ഹാള്‍ഡര്‍ 72ാം മിനിറ്റില്‍ പുറത്തുപോയതോടെ 10 പേരുമായാണ് മുംബൈ മല്‍സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ലാറയുടെ രണ്ടാം ഗോളാണിത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയില്‍ വിജയഗോള്‍ നേടിയതും ലാറയായിരുന്നു.
സമനിലയോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തെത്തി.

ഇത്രതന്നെ മല്‍സരങ്ങളില്‍നിന്ന് അഞ്ചു പോയിന്റുള്ള കൊല്‍ക്കത്തയാകട്ടെ നോര്‍ത്ത് ഈസ്റ്റിനു പിന്നില്‍ മൂന്നാം സ്ഥാനത്തായി. വെള്ളിയാഴ്ച കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയാണു മുംബൈയുടെ അടുത്ത മല്‍സരം.
സൂപ്പര്‍താരം ഡീഗോ ഫോര്‍ലാനെ കൂടാതെയിറങ്ങിയ മുംബൈയ്ക്ക്, അര്‍ജന്റീനക്കാരനായ മത്തിയാസ് ഡെഫെഡറിക്കോ 27-ാം മിനിറ്റില്‍ നേടിയ ഗോളാണ് ലീഡ് സമ്മാനിച്ചത്. ഐബോര്‍ലാങ് ഖോങ്ജിയില്‍നിന്നു ലഭിച്ച പന്തിനെ മികച്ചൊരു ഫിനിഷിങ്ങിലൂടെ ഡെഫെഡറിക്കോ വലയിലെത്തിക്കുമ്ബോള്‍ തടയാനെത്തിയ അര്‍ണാബും കോട്ടാലും അന്തിച്ചുനിന്നു. ഗോളി മജുംദാറിനും ഒന്നും ചെയ്യാനായില്ല.
ആദ്യപകുതിയില്‍ ഏറിയ പങ്കും മേധാവിത്തം പുലര്‍ത്തിയതു മുംബൈ ആയിരുന്നു. എന്നാല്‍, 72-ാം മിനിറ്റില്‍ കൊല്‍ക്കത്ത താരം ബോര്‍ജ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിനു രണ്ടാം മഞ്ഞക്കാര്‍ഡ് മേടിച്ച പ്രോണയ് ഹാള്‍ഡര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ കളി മാറി. 10 പേരായി ചുരുങ്ങിയ മുംബൈയ്ക്കെതിരെ കൊല്‍ക്കത്ത തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു. 82-ാം മിനിറ്റില്‍ത്തന്നെ അവര്‍ക്കു പ്രതിഫലവും ലഭിച്ചു.ബോക്സിന് വെളിയില്‍ മധ്യനിര ജനറല്‍ ബോര്‍ജ ഫെര്‍ണാണ്ടസില്‍നിന്നു പന്തു ലഭിച്ച ഹവിയര്‍ ലാറയെ തടയാനെത്തിയതു മുംബൈ താരം ജാക്കിചന്ദ്. എന്നാല്‍, ജാക്കിചന്ദിനെ വെട്ടിയൊഴിഞ്ഞ് ഏതാനും ചുവട് മുന്നോട്ടുവച്ചു ലാറ തൊടുത്ത ലോങ്റേഞ്ചര്‍ മുംബൈ ഗോളി റോബര്‍ട്ടോയെ കീഴടക്കി വലയിലെത്തി. സ്കോര്‍ 1-1. വിജയഗോളിനായി അവസാന നിമിഷങ്ങളില്‍ കൊല്‍ക്കത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അവര്‍ക്കു ലക്ഷ്യം കാണാനാകാതെ പോയതോടെ ഇതേ സ്കോറില്‍ അവസാന വിസില്‍.

NO COMMENTS

LEAVE A REPLY