ഐ പി എല്‍ : ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് നാലു വിക്കറ്റ് വിജയം

279

ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. ഫിറോസ് ഷാ കോട്ലയില്‍ നടന്ന മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. മനീഷ് പാണ്ഡെയുടെയും യൂസഫ് പത്താന്റെയും അവസരോചിത അര്‍ധസെഞ്ചുറികളാണ് കൊല്‍ക്കത്തയ്ക്ക് അവസാന ഓവറിലെ വിജയം സമ്മാനിച്ചത്. സ്കോര്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് 168. കൊല്‍ക്കത്ത 19.5 ഓവറില്‍ ആറിന് 169. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്തി ഡല്‍ഹി ഞെട്ടിച്ചു. ഗംഭീര്‍ 14, ഗ്രാന്‍ഡ്ഹോം 1, ഉത്തപ്പ 4 എന്നിവരാണ് മൂന്നോവറില്‍ കൂടാരം കയറിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ പാറ പോലെ ഉറച്ചുനിന്ന യൂസഫ് പത്താനും പാണ്ഡെയും കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന ഓവറില്‍ 9 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത 1 പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. 25 പന്തില്‍ 7 ഫോറടക്കം സഞ്ജു 39 റണ്‍സടിച്ചു. അവസാന ഓവറില്‍ 16 പന്തില്‍ 38 റണ്‍സുമായി റിഷഭ് പന്തും മിന്നിയതോടെ ദില്ലി പൊരുതാവുന്ന സ്കോറിലെത്തി. ബില്ലിങ്സ്, കരുണ്‍, അയ്യര്‍ എന്നിവര്‍ക്കും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

NO COMMENTS

LEAVE A REPLY