ഐ പി എല്‍ : സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം

404

കൊല്‍ക്കത്ത: ഐ പി എല്ലിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 15 റണ്‍സിനാണ് കൊല്‍ക്കത്ത തോല്‍പിച്ചത്. മൂന്നാം ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ കൊല്‍ക്കത്ത ആറ് വിക്കറ്റിന് 172 റണ്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 155. ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിംഗിന് വിടുകയായിരുന്നു. കഴിഞ്ഞ കളിയിലെ പോലെ ഗംഭീറിനൊപ്പം ഇത്തവണയും ഓപ്പണറായി ഇറങ്ങിയത് സുനില്‍ നരെയ്ന്‍ തന്നെയാണ്. എന്നാല്‍ 6 റണ്‍സിന് പുറത്തായി. ഗംഭീര്‍ 15 റണ്‍സെടുത്തു. 39 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും പറത്തി 68 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മനീഷ് പാണ്ഡെ 46ഉം യൂസഫ് പത്താന്‍ 21ഉം റണ്‍സെടുത്തു. 173 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം കിട്ടിയെങ്കിലും വേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല. വാര്‍ണര്‍ 30 പന്തില്‍ 26, ധവാന്‍ 22 പന്തില്‍ 23, ഹെന്റിക്കസ് 10 പന്തില്‍ 13 എന്നിങ്ങനെയാണ് ആദ്യ മൂന്ന് പേരുടെ സംഭാവന. യുവരാജ് സിംഗ് 16 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 26 റണ്‍സടിച്ചു. ബാറ്റിംഗിനിറങ്ങിയ എട്ട് പേരും റണ്ടക്കം കടന്നെങ്കിലും ഹൈദരാബാദിന്റെ പോരാട്ടം വിജയത്തിന് 15 റണ്‍സകലെ അവസാനിച്ചു.

NO COMMENTS

LEAVE A REPLY