ഐപിഎല്‍ : സഞ്ജു സാംസണ് സെഞ്ച്വറി

325

പൂനെ: ഐപില്ലില്‍ സഞ്ജു സാംസണ് സെഞ്ച്വറി. അറുപത്തിരണ്ട് പന്തുകളിലാണ് സെഞ്ച്വറി നേടിയത്. റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരായ മത്സരത്തിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ സഞ്ജു സെഞ്ച്വറി നേടിയത്. എട്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയാണിത്. അവസാന ഓവറുകളില്‍ വമ്ബനടികളുമായി കളം നിറഞ്ഞ ക്രിസ് മോറിസാണ് (ഒന്‍പത് പന്തില്‍ 38) ഡല്‍ഹി സ്കോര്‍ 200 കടത്തിയത്. ഋഷഭ് പന്ത് 22 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. പൂനെയ്ക്കായി താഹിര്‍, സാംപ, ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഈ ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് സഞ്ജുവിന്റെ 102. ഈ സീസണില്‍ ഒരു ടീം 200 കടക്കുന്നതും ആദ്യം. മികച്ച രീതിയില്‍ പന്തെറിഞ്ഞ പൂനെ ബോളര്‍മാരെ നേരിടാന്‍ ഡല്‍ഹി ഓപ്പണര്‍മാരായ ആദിത്യ താരെയും സാം ബില്ലിങ്സും വിഷമിച്ചു. അശോക് ഡിന്‍ഡ എറിഞ്ഞ ആദ്യ ഓവറില്‍ അവര്‍ക്കു നേടാനായത് രണ്ടു റണ്‍സ് മാത്രം. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ചാഹറിന് വിക്കറ്റ് സമ്മാനിച്ച്‌ ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകള്‍ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

ഓവറില്‍ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനില്‍ മുന്നേറിയ സഞ്ജു അല്‍പം മയപ്പെട്ടത് സ്പിന്നര്‍മാരുടെ വരവോടെ. എന്നാല്‍, അര്‍ധസെഞ്ച്വറി കടന്നതോടെ വീണ്ടും ഗിയര്‍ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. ആദം സാംപയെറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ തകര്‍പ്പനൊരു സിക്സോടെ സെഞ്ച്വറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ സാം ബില്ലിങ്സിനൊപ്പം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു, മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 53 റണ്‍സ് കൂട്ടുകെട്ടും തീര്‍ത്തു. ബില്ലിങ്സ് 17 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 24ഉം പന്ത് 22 പന്തുകളില്‍ രണ്ടു സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 31 റണ്‍സുമെടുത്തു. തുടര്‍ന്നെത്തിയ ക്രിസ് മോറിസും മികച്ച പ്രകടനം പുറത്തെടുത്തതോടു കൂടി ഡല്‍ഹിയുടെ സ്കോര്‍ 200 കടന്നു. ആകെ ഒന്‍പത് പന്തു മാത്രം നേരിട്ട മോറിസ്, മൂന്നു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മോറിസിന്റെ സ്ട്രൈക്ക് റേറ്റ് 422 കോറി ആന്‍ഡേഴ്സന്‍ നാലു പന്തില്‍ രണ്ടു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

NO COMMENTS

LEAVE A REPLY