യോഗ ഏവരെയും ഒന്നിപ്പിക്കുന്നുവെന്ന് മോദി

186

ന്യൂഡൽഹി∙ രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ. യോഗ മതപരമായ ആചാരമല്ലെന്നും ഇത് ഏവരെയും ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗദിനത്തിലെ സന്ദേശത്തിന് ലോകം മുഴുവനും പിന്തുണ നൽകുന്നു. യോഗയുടെ ശക്തിയും ഗുണവും എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. എങ്ങനെയാണോ മൊബൈൽ ഫോൺ നിങ്ങളുടെ ജീവന്റെ ഭാഗമായിക്കുന്നത് അത്തരത്തിൽ യോഗയേയും നിങ്ങളുടെ ജീവന്റെ ഭാഗമാക്കണം. യോഗയിൽ ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലെന്നും മോദി പറഞ്ഞു. ചണ്ഡിഗഡിൽ രാജ്യത്തെ യോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗാ സംഗമങ്ങൾ, ശിൽപശാലകൾ എന്നിവയുൾപ്പെടെ ചെറുതും വലുതുമായ പരിപാടികൾ വിവിധയിടങ്ങളിൽ അരങ്ങേറും. 391 സർവകലാശാലകൾ, 16,000 കോളജുകൾ, 12,000 സ്കൂളുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടക്കുന്നുണ്ട് ഡൽഹിയിലെ ക്യാപിറ്റോൾ കോംപ്ളെക്സിൽ നടക്കുന്ന പരിപാടിയിൽ മുപ്പതിനായിരത്തോളം പേർക്കൊപ്പമാണ് മോദി യോഗ ചെയ്യുന്നത്. ഇതിനു പുറമെ, നഗരത്തിൽ 100 ചെറു വേദികളിലായി ഒരുക്കിയിരിക്കുന്ന പരിപാടികളിൽ പതിനായിരങ്ങൾ അണിനിരന്നു. രാജ്യാന്തര യോഗാ ദിനത്തിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചു സൂര്യ നമസ്കാരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റൽ സ്റ്റാംപ് മോദി പുറത്തിറക്കി.

വാരാണസി, ഇംഫാൽ, ജമ്മു, ഷിംല, വഡോദര, ലക്നൗ, ബെംഗുളൂരു, വിജയവാഡ, ഭുവനേശ്വർ, ഹോഷിയാർപുർ എന്നിവിടങ്ങളിൽ മേഖലാതല പരിപാടികൾ നടക്കുന്നു. 173 വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ യോഗാഭ്യാസ പ്രകടനങ്ങൾ ഒരുക്കിയിട്ടുണ്ട്.

അവധിയില്ല; നിർബന്ധമല്ല

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധി ദിനമായിരിക്കില്ല. യോഗാ പരിപാടികളിൽ ഇവർ പങ്കെടുക്കുന്നതു നിർബന്ധമാക്കില്ല. താൽപര്യമുള്ളവർക്കു സ്വമേധയാ പങ്കെടുക്കാം. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും യോഗ പരിശീലിക്കണമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശീയ യോഗാ ഒളിംപ്യാഡിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സ്കൂൾ കുട്ടികൾ അണിനിരക്കുന്ന ഒളിംപ്യാഡ് രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കണമെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക് അഭിപ്രായപ്പെട്ടു.
courtsy : manorama online

NO COMMENTS

LEAVE A REPLY