ലൈംഗിക പീഡനം : പ്രതികള്‍ക്ക് ഷണ്ഡീകരണവും വധശിക്ഷയും നല്‍കാനുള്ള നിയമം ഇന്തോനേഷ്യയില്‍ നിലവില്‍ വന്നു

192

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനുമുള്ള നിയമം ഇന്തോനേഷ്യയില്‍ നിലവില്‍ വന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക നടപടി.
14 വയസുകാരിയെ 12 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുകൊന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും 20 വര്‍ഷം തടവുശിക്ഷ ലഭിക്കും. ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഇര കൊല്ലപ്പെടുക, മാനസിക ശാരീരിക നില തകരാറിലാവുക, ലൈംഗിക രോഗങ്ങള്‍ പകരുക എന്നീ സന്ദര്‍ഭങ്ങളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കാവുന്നതാണെന്നും നിയമം അനുശാസിക്കുന്നു.
എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണത്തിനെതിരെ രാജ്യത്തെ ഒരു സംഘം ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇതുകൊണ്ടാകില്ലെന്നും ഇത്തരക്കാരുടെ സ്വഭാവമാണ് ചികിത്സിച്ചു മാറ്റേണ്ടതെന്നുമാണ് ഇവരുടെ വാദം.ഇന്തോനേഷ്യയില്‍ അടുത്തിടെയായി വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്ക്. അടുത്തിടെ നടന്ന വിവിധ സംഭവങ്ങളില്‍ നൂറോളം വിദേശികളെ പിടികൂടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY