ഇന്ത്യയിലെ ആകെ സമ്പത്തു കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളിൽ ; റിപ്പോര്‍ട്ട്

200

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആകെ സമ്പത്തു കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരുടെ ആകെ സ്വത്ത് കേവലം ഒന്‍പത് അതിസമ്പന്നരുടെ സ്വത്തിന് തുല്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്‌ഫാമിന്റെ വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ വിലയിരിത്തുന്നത്.ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് 77.4 ശതമാനം സമ്പത്തുള്ളത്.

ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണ് ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യയിലെ ആകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി സമ്പത്താണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ദരിദ്രരുടെ വളര്‍ച്ച കേവലം 3 ശതമാനം മാത്രമുള്ളപ്പോള്‍ അതിസമ്പന്നരുടെ വളര്‍ച്ച 36 ശതമാനമാണ്. പൊതുമേഖലയ്ക്കും കുടിവെള്ള വിതരണത്തിനും ഇന്ത്യ ഒരു വര്‍ഷം ചെലവാക്കുന്നത് 2,08,166 കോടിയാണ്.

ഇത് മുകേഷ് അംബാനിയുടെ മൊത്തം സമ്പദ്യത്തെക്കാള്‍ കുറവാണെന്നും ഒക്‌സ്‌ഫാം വിശദീകരിക്കുന്നു.ഇന്ത്യയിലുള്ള മികച്ച ആരോഗ്യപരിപാലന സംവിധാനവും ഉന്നത വിദ്യാഭ്യാസ സൗകര്യവും പണക്കാര്‍ക്ക് മാത്രമുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ ഒരുവയസ്സിന് മുമ്ബ് മരിക്കുന്നത് ധനിക കുടുംബങ്ങളിലെ മരണനിരക്കിലേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മേഖലകളില്‍ സര്‍ക്കാര്‍ ആവശ്യത്തിന് പണം ചെലവഴിക്കാത്തതും പല വന്‍കിട കമ്ബനികളും വ്യക്തികളും നികുതി നല്‍കാത്തതും സമ്പത്തിക അസന്തുലിതത്വത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

NO COMMENTS