ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്ന് അജ്ഞാതര്‍ ആറാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയ സന്നദ്ധ പ്രവര്‍ത്തക ജൂഡിത് ഡിസൂസ മോചനംനേടി ഇന്ത്യയില്‍ തിരിച്ചെത്തി.
ശനിയാഴ്ച വൈകീട്ടോടെയാണ് അവര്‍ മടങ്ങിയെത്തിയത്. ജൂഡിത്തിനെ രക്ഷപ്പെടുത്തിയ വിവരം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം ജൂഡിത്ത് തിരികെ എത്തുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊല്‍ക്കത്ത സ്വദേശിനിയാണ് ജൂഡിത്.
40 കാരിയായ ജൂഡിത്ത് എന്‍ജിഒ സംഘടനയായ ആഗാഖാന്‍ ഫൗണ്ടേഷന്റെ ഭാഗമായി കാബൂളിലെത്തിയതായിരുന്നു. ഫൗണ്ടേഷനില്‍ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഇവരെ ജൂണ്‍ ഒമ്പതിനായിരുന്നു തട്ടിക്കൊണ്ട് പോയത്.സംഭവത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് ജൂഡിത്തിന്റെ മോചനത്തിനായി ബന്ധുക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രേമോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയോട് ജൂഡിത്തിനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയാണ് ജൂഡിത്തിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.