വൈറസിനെ പ്രതിരോധിക്കാന്‍ വിളകളില്‍ ഒറ്റത്തവണ മരുന്നുപ്രയോഗം

309

തിരുവനന്തപുരം: തക്കാളിച്ചെടിയെ നശിപ്പിക്കുന്ന ഇലചുരുട്ടലും പയര്‍ച്ചെടിയെ ബാധിക്കുന്ന മഞ്ഞപ്പും പോലെയുള്ള വിളവൈറസുകളുടെ നിരന്തര ആക്രമണത്തെ ചെറുക്കാന്‍ ചെടികളെ സജ്ജമാക്കുന്നതിന് കുത്തിവെയ്പു പോലെ ജനിതക പ്രതിരോധവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍. ജീനുകളില്‍ മാറ്റം വരുത്താതെതന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രകൃതി സൗഹൃദമായ സ്‌പ്രേയാണ് ഉപയോഗിക്കുന്നത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും (ആര്‍ജിസിബി) യൂറോപ്യന്‍ മോളിക്യുലര്‍ ബയോളജി ഓര്‍ഗനൈസേഷനും (ഇഎംബിഒ) ചേര്‍ന്നു സംഘടിപ്പിക്കുന്ന ‘മൈക്രോ ആന്‍ഡ് മെറ്റബോളിക് റെഗുലേറ്റ്‌ഴ്‌സ് ഇന്‍ പ്ലാന്റ്‌സ്’ എന്ന വിഷയം പ്രമേയമാക്കിയ അന്താരാഷ്ട്ര ചതുര്‍ദിന കോണ്‍ഫറന്‍സിലാണ് വിളകളെ വൈറസ്, രോഗബാധ. വരള്‍ച്ച എന്നിവയോട് കൂടുതല്‍ പ്രതിരോധശേഷിയുള്ളവയാക്കിത്തീര്‍ക്കാനുള്ള നൂതന ഗവേഷണഫലം അവതരിപ്പിക്കപ്പെട്ടത്.

വൈറസുകളെ പ്രതിരോധിക്കാന്‍ ചെടികളെ സഹായിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ജീനുകളെ വേര്‍തിരിച്ചറിയുകയാണ് തങ്ങളെന്ന് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലാന്‍ഡിലെ പ്രൊഫ. ബര്‍ട്രാന്‍ഡ് കരോള്‍ പറയുന്നു. ഒരു തവണ ഒരു ചെടി ഒരു വൈറസ് ആക്രമണം കണ്ടെത്തിക്കഴിഞ്ഞാല്‍ ആ വൈറസിന്റെ ജനിതകശ്രേണിയുടെ ഭാഗങ്ങള്‍ സസ്യശരീരത്തിലുടനീളം സൂക്ഷിച്ചുവയ്ക്കും. തുടര്‍ന്നുള്ള വൈറസിന്റെ ആക്രമണത്തിനെതിരെ പ്രതിരോധശേഷി വികസിപ്പിക്കാനാണിതെന്നും അദ്ദേഹം വിശദീകരിച്ചു. രോഗാണുക്കളില്‍നിന്ന് രക്ഷനേടാന്‍ മനുഷ്യര്‍ക്ക് വാക്‌സിന്‍ നിര്‍മിക്കുന്നതുപോലെയാണിത്.

ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ സഹപ്രവര്‍ത്തകയായും ഇന്ത്യന്‍ വംശജയുമായ ഗവേഷക പ്രൊഫ. നീന മിറ്റെറിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെടികളെ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതിനായി പ്രൊഫ. നീന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വൈറസിന്റെ ഘടകങ്ങള്‍ ക്ലേയിലും മറ്റ് കൃത്രിമപദാര്‍ത്ഥങ്ങളിലുമായി നിര്‍മിച്ചത് ഉള്‍ക്കൊള്ളുന്ന സ്‌പ്രേയാണിത്. ജനിതക അമര്‍ച്ചയുടെ സിദ്ധാന്തത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. വൈറസിന്റെ ജനിതകപദാര്‍ത്ഥത്തെ അമര്‍ച്ച ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുകവഴിയാണ് ഇത് നടപ്പിലാവുന്നത്. വൈറസ് ആക്രമിക്കുന്ന സമയത്ത് സസ്യകോശം വൈറസിന്റെ ഒരു ഭാഗം എടുത്ത് ഇരട്ടപിരിയന്‍ ആര്‍എന്‍എ ഇഴകളുടെ ചെറിയ ഖണ്ഡങ്ങള്‍ നിര്‍മിക്കുന്നു. ഇവയെക്കുറിച്ചുള്ള വിവരം ചെടിയുടെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുകയും ഇതുമായി സാമ്യമുള്ള വൈറസ് ആര്‍എന്‍എകള്‍ നശിപ്പിക്കാനായി സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രൊഫ. നീന വികസിപ്പിച്ചെടുത്തിരിക്കുന്ന സ്‌പ്രേയുടെ ക്ലേ ഘടകം ചെടിയില്‍ പ്രതിരോധശേഷി വളര്‍ത്തുന്നതിനായുള്ള വൈറസിന്റെ കൃത്രിമമായി നിര്‍മിച്ച ഖണ്ഡങ്ങളെ സംരക്ഷിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

വിഭിന്ന വൈറസുകളില്‍നിന്ന് വിളകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഫലപ്രദമായ സ്‌പ്രേ നിര്‍മിക്കാനായി പ്രൊഫ. നീനയും സംഘവും പുകയിലയില്‍ പരീക്ഷണം നടത്തിയതായി പ്രൊഫ. കാരോള്‍ പറയുന്നു. സ്‌പ്രേ സാങ്കേതികവിദ്യ ചെടികളിലെ ഇതര കീടങ്ങളേയും സൂക്ഷ്മാണുക്കളേയും നിയന്ത്രിക്കുന്നതിനും ഉപയോഗശേഷിയുള്ളതാണെങ്കിലും ഈ ശേഷി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് ആക്രമണത്തെ പ്രതിരോധിക്കുന്നത് പ്രയാസമുള്ളതുകൊണ്ട് ഈ കണ്ടുപിടിത്തത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഡയറക്ടര്‍ ഡോ.രാധാകൃഷ്ണപിള്ള പറഞ്ഞു.
ക്ലേ മണ്ണില്‍ അലിഞ്ഞുചേരുമെന്നതിനാല്‍തന്നെ ഈ സ്‌പ്രേ പ്രകൃതിസൗഹൃദമാണ്. സസ്യവൈറസ് ഭീഷണിയെ നേരിടാന്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന കൃഷിക്കാര്‍ക്ക് ഇത് മികച്ച ബദല്‍മാര്‍ഗമാണ്. ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ ഉപയോഗിക്കുക അല്ലാതെ നിലവില്‍ സസ്യ വൈറസുകളെ നിയന്ത്രിക്കുന്നതിന് കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

NO COMMENTS

LEAVE A REPLY