ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേ ശക്തിപ്രകടനത്തിന് ഒരുങ്ങി ഇന്ത്യന്‍ നാവികസേന

192

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേ ശക്തിപ്രകടനത്തിന് ഒരുങ്ങി ഇന്ത്യന്‍ നാവികസേന. അറബിക്കടലില്‍ അടുത്ത ആഴ്ച നാവികാഭ്യാസം ആരംഭിക്കുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശക്തിപ്രകടനത്തിന് ഒരുക്കിയിരിക്കുന്നതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനയും വ്യോമസേനയും കൂടുതല്‍ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് നാവികസേനയും സൈനികാഭ്യാസത്തിന് ഒരുങ്ങിയിരിക്കുന്നത്. കിഴക്കന്‍ തീരമായ ബംഗാള്‍ ഉള്‍ക്കടലിലും സൈനിക വിന്യാസം നടത്തുമെന്നാണ് നാവിക വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക് സൈനിക മേധാവി റഹീല്‍ ഷെരീഫിന്റെ വിരമിക്കലിനോടടുത്ത് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നാവിക സേനയുടെ നീക്കം. ഇന്ത്യയില്‍ വലിയ ഭീകരാക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചാരവൃത്തിക്ക് ഡല്‍ഹിയില്‍ പിടിയിലായ മെഹ്മൂദ് അഖ്തര്‍ ഇന്ത്യയില്‍ നിന്ന് ചോര്‍ത്താന്‍ ശ്രമിച്ചത് പടിഞ്ഞാറന്‍ തീരമേഖലയിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണം നടത്താനാണ് ഐഎസ്‌ഐ ചാരനായ ഇയാള്‍ തീരമേഖലയിലെ സൈനിക വിന്യാസം ചോര്‍ത്താന്‍ ശ്രമിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തിനായി പാക് ഭീകരര്‍ എത്തിയത് പടിഞ്ഞാറന്‍ തീരം വഴിയായിരുന്നു.

NO COMMENTS

LEAVE A REPLY