ഖത്തറില്‍ പൊതുമാപ്പ് : ഔട്ട്പാസിനായി അപേക്ഷിക്കുന്നവരില്‍ നിന്നും ഇന്ത്യന്‍ എംബസി അപേക്ഷാ ഫീസ് ഈടാക്കുന്നു

190

ദോഹ: ഖത്തറില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഔട്ട്പാസിനായി അപേക്ഷിക്കുന്നവരില്‍ നിന്നും ഇന്ത്യന്‍ എംബസി അപേക്ഷാ ഫീസ് ഈടാക്കുന്നു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ ഖത്തര്‍ ഭരണകൂടം എല്ലാം സഹായങ്ങളും ചെയ്യുമ്പോഴാണ് ദുരിതം പേറി രാജ്യം വിടാന്‍ ശ്രമിക്കുന്ന പാവങ്ങളില്‍ നിന്നും എംബസി 60 റിയാല്‍ വീതം അപേക്ഷാ ഫീസായി ഈടാക്കുന്നത്.
സെപ്തംബര്‍ ഒന്നു മുതല്‍ സിസമ്പര്‍ ഒന്നു വരെ നീണ്ടു നില്‍ക്കുന്ന മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി മൂന്നു നാള്‍ പിന്നിട്ടെങ്കിലും ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല. പൊതുമാപ്പ് പ്രായോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ വിവിധ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ എംബസി മാധ്യമങ്ങള്‍ വഴി പോലും ഇതുവരെ ഒരറിയിപ്പും, നല്‍കിയിട്ടില്ല. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്കായി ഒരു പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങുകയോ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുകയോ ചെയ്യാതെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച ഈ വലിയ ആനുകൂല്യത്തിനിടയിലും എംബസി അധികൃതര്‍ നിഷ്‌ക്രിയത്വം തുടരുകയാണ്. ഇതിനിടയിലാണ് ഔട്പാസിനായുള്ള അപേക്ഷയോടൊപ്പം അറുപത് റിയാല്‍ വീതം ഫീസായി ഈടാക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടമായവരും പല കാരണങ്ങളാല്‍ കാലാവധി കഴിഞ്ഞവരും എംബസിയില്‍ നിന്നുള്ള ഔട് പാസും യാത്രാ ടിക്കറ്റുമായാണ് സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തെ സമീപിക്കേണ്ടത്. സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി താമസിക്കുന്നവര്‍ ഉള്‍പ്പെടെ പുറത്തിറങ്ങി ജോലിക്കു പോകാന്‍ പോലും കഴിയാത്തവരാണ് ഔട്ട് പാസിനായി എംബസിയെ സമീപിക്കുന്നത്. വ്യവസായ മേഖലയില്‍ നിന്നുള്‍പ്പെടെ ഏറെ ദൂരം സഞ്ചരിച്ച് വെസ്റ്റ് ബേ ഉനൈസയിലുള്ള പുതിയ ഇന്ത്യന്‍ എംബസിയിലെത്താന്‍ തന്നെ യാത്രാ ചെലവിനായി നല്ലൊരു തുക ആവശ്യമായി വരും. ഇതിനു പുറമെ 60 റിയാല്‍ അപേക്ഷാ ഫീസ് കൂടി ആകുമ്പോള്‍ ഇത് ഭാരിച്ച തുകയായി മാറുന്നു. നേപ്പാള്‍ എംബസി ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പല എംബസികളും സൗജന്യമായി ചെയ്തുകൊടുക്കുന്ന സേവനമാണ് ഇതെന്ന് കൂടി അറിയുക.