അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു, ‘ബീറ്റിങ് റിട്രീറ്റ്’ റദ്ദാക്കി

259

ന്യൂഡല്‍ഹി • നിയന്ത്രണരേഖ കടന്ന് പാക്ക് ഭീകരക്യാംപുകള്‍ ആക്രമിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ തയാറായി ഇന്ത്യ. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിലും പഞ്ചാബിലും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.പഞ്ചാബ് അതിര്‍ത്തിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാലയങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബില്‍ 553 കിലോമീറ്റര്‍ ദൂരമാണ് പാക്കിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്.അതിനിടെ, വാഗാ അതിര്‍ത്തിയിലെ പതാകയിറക്കല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബിഎസ്‌എഫ് റദ്ദാക്കി.വാഗാ അതിര്‍ത്തിയില്‍ ബിഎസ്‌എഫും പാക്കിസ്ഥാന്‍ റേഞ്ചേഴ്സും എല്ലാ ദിവസവും വൈകുന്നേരും നടത്തുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് ബീറ്റിങ് റിട്രീറ്റ്. സന്ദര്‍ശകരോടും വിനോദ സഞ്ചാരികളോടും അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാനും ബിഎസ്‌എഫും ഭരണകൂടവും ആവശ്യപ്പെട്ടു.