ന്യൂഡല്‍ഹി: സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിനെതിരെ കര്‍ശനനടപടികളുമായി സൈനിക നേതൃത്വം. സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് മുമ്ബ് തന്നെ സൈന്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ സൈനിക ആസ്ഥാനത്ത് നടത്തിയ മിന്നല്‍പരിശോധനയില്‍ 80-ല്‍ അധികം ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ബ്രിഗേഡിയര്‍, കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ആര്‍മി സ്റ്റാഫ് വൈസ് ചീഫായ ജനറല്‍ ബിപിന്‍ റാവത്താണ് സ്മാര്‍ട്ട്ഫോണ്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്. സ്മാര്‍ട്ട്ഫോണുകളുടെ ദുരുപയോഗവും അതിലൂടെ സൈനിക വിവരങ്ങള്‍ ചോരുന്നതും മറ്റും അന്വേഷിക്കാനായി വിവിധ ഫ്ളൈയിങ് സ്ക്വാഡുകളെ നിയോഗിക്കുകയായിരുന്നു. അനധികൃതമായി ഫോണ്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. സൈനിക ആസ്ഥാനത്ത് മേജര്‍ ജനറല്‍ പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം. അതേസമയം ഇത് അവഗണിച്ച് ജൂനിയര്‍ ഓഫീസര്‍മാര്‍ ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും ഉപയോഗിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്.