പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത നടപടിയുടെ വിഡിയോ പുറത്തുവിടുന്നതിനു സൈന്യത്തിന്‍റെ പച്ചക്കൊടി

206

ന്യൂഡല്‍ഹി• പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത നടപടിയുടെ വിഡിയോ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി ഇക്കാര്യങ്ങള്‍ സംസാരിച്ചെന്നു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മിന്നലാക്രമണം നടന്നെന്ന റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുള്‍പ്പെടെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണു വിഡിയോ പുറത്തുവിടുന്നതില്‍ തങ്ങള്‍ക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്.ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഇത്തരത്തില്‍ രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് അവസാനിക്കണമെങ്കില്‍ ആക്രമണം നടത്തിയതിനു തെളിവ് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടിരുന്നു.ഉറിയിലെ സൈനിക കേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ സെപ്റ്റംബര്‍ 18ന് ഭീകരര്‍ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് രാജ്യമെങ്ങും പ്രശംസ ലഭിച്ചിരുന്നു.