ഇന്ത്യക്ക് 246 റണ്‍സ് വിജയലക്ഷ്യം

200

ഫ്ളോറിഡ: അമേരിക്കന്‍ മണ്ണിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍. ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാരുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് പടുത്തുയര്‍ത്തി.
ഓപ്പണര്‍മാരായ ജോണ്‍സണ്‍ ചാള്‍സും ഇവിന്‍ ലൂയിസുമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചുടച്ചത്. തുടക്കത്തില്‍ കൂടുതല്‍ അക്രമണോത്സുകത കാണിച്ചത് ചാള്‍സാണ്. 33 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 79 റണ്‍സെടുത്ത ചാള്‍സ് ഷമി എറിഞ്ഞ പത്താം ഓവറില്‍ ബൗള്‍ഡായി. അപ്പോഴേക്കും ഓപ്പണിങ് വിക്കറ്റില്‍ 126 റണ്‍സ് പിറന്നിരുന്നു.
സ്റ്റുവര്‍ട്ട് ബിന്നി എറിഞ്ഞ പതിനൊന്നാം ഓവറില്‍ തുടര്‍ച്ചയായ അഞ്ചു സിക്സുകള്‍ ഉള്‍പ്പെടെ 31 റണ്‍സാണ് ലൂയിസ് അടിച്ചുകൂട്ടിയത്. 49 പന്തില്‍ അഞ്ച് ഫോറും ഒമ്ബത് സിക്സും ഉള്‍പ്പെടെ 100 റണ്‍സെടുത്താണ് ലൂയിസ് മടങ്ങിയത്.

പതിനാറാം ഓവറില്‍ ആന്ദ്രെ റസലിനെയും (12 പന്തില്‍ 22) ലൂയിസിനെയും പുറത്താക്കി രവീന്ദ്ര ജഡേജയാണ് വിന്‍ഡീസ് റണ്ണൊഴുക്കിന് തടയിട്ടത്. പിന്നീട് കീറണ്‍ പൊള്ളാര്‍ഡിനും ആന്ദ്രെ റസലിനും സ്കോറിങ് വേഗം നിലനിര്‍ത്താനായില്ല. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീണതും വിന്‍ഡീസിന് തിരിച്ചടിയായി.
ബുംറ എറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ബ്രാത്ത്വെയ്റ്റ് (10 പന്തില്‍ 14) റണ്ണൗട്ടായപ്പോള്‍ നാലാം പന്തില്‍ കീറണ്‍ പൊള്ളാര്‍ഡും (15 പന്തില്‍ 22) അഞ്ചാം പന്തില്‍ ലെന്‍ഡില്‍ സിമ്മണ്‍സും ക്ലീന്‍ ബൗള്‍ഡായി. ഒരോ റണ്‍ വീതമെടുത്ത് ഡ്വെയ്ന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ഒഴിവാക്കി അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.
ടീം: ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, എംഎസ് ധോണി (ക്യാപ്റ്റന്‍), സ്റ്റുവര്‍ട്ട് ബിന്നി, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.
വെസ്റ്റിന്‍ഡീസ്- ജോണ്‍സണ്‍ ചാള്‍സ്, ആന്ദ്രെ ഫ്ളച്ചര്‍, മര്‍ലോണ്‍ സാമുവല്‍സ്, ലെന്‍ഡില്‍ സിമ്മണ്‍സ്, ഇവിന്‍ ലൂയിസ്, ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍, കീറണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, സാമുവല്‍ ബദ്രീ.