രണ്ടാം ടെസ്റ്റ്: ന്യൂസീലന്‍ഡിന് 376 റണ്‍സ് വിജയലക്ഷ്യം

163

കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ സന്ദര്‍ശകരായ ന്യൂസീലന്‍ഡിനുവേണ്ടത് 376 റണ്‍സ്. ലക്ഷ്യം കൈവരിക്കാന്‍ കിവീസിന് മുന്നില്‍ രണ്ട് മുഴുവന്‍ ദിവസം ബാക്കിയുണ്ട്.ഇന്ത്യയുടെ രണ്ടാമിന്നിങ്സ് 263 റണ്‍സില്‍ അവസാനിച്ചു. എട്ടിന് 227 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് നാലാം ദിനം തുടക്കത്തില്‍ തന്നെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി.നാലാം ദിവസത്തെ പത്താം ഓവറില്‍ നിക്കോള്‍സിന് ക്യാച്ച്‌ നല്‍കിയ ഭുവനേശ്വര്‍ കുമാറാണ് ആദ്യം മടങ്ങിയത്. 51 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഭുവിയെ വാഗ്നറാണ് മടക്കിയത്. 251 റണ്‍സിലാണ് ഇന്ത്യയ്ക്ക് ഒന്‍പതാം വിക്കറ്റ് നഷ്ടമായത്. ഏഴ് പന്ത് മാത്രം നേരിട്ട മുഹമ്മ് ഷമിയെ ബൗള്‍ട്ടിന്റെ പന്തില്‍ ലഥാമാണ് ക്യാച്ചെടുത്തത്. ഒരു റണ്ണായിരുന്നു ഷമിയുടെ സംഭാവന. 120 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്താവാതെ നിന്നു. കിവീസിനു വേണ്ടി ബൗള്‍ട്ട്, ഹെന്റി, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വീതവും വാഗ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.