ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പൊരുതി തോറ്റു

290

കോല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 റണ്‍സിന്റെ പരാജയം. ഇംഗ്ലണ്ടിന്റെ 321 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 316 ല്‍ അവസാനിച്ചു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കുന്നതില്‍ പരാജയപ്പെട്ട മത്സരത്തില്‍ മധ്യ, വാലറ്റ നിരകള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന പന്തില്‍ വേണ്ടിയിരുന്ന ആറു റണ്‍സ് എടുക്കാനാകാതെ ഇന്ത്യ തോല്‍ക്കുകയായിരുന്നു. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 321/8. ഇന്ത്യ 50 ഓവറില്‍ 316/9. അവസാന ഓവറുകളില്‍ കേദാര്‍ യാദവും പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്താണ് ഇന്ത്യയുടെ വിജയസാധ്യതകള്‍ മുഴുവനായി ഇല്ലാതാക്കിയത്.

ജയിക്കാന്‍ രണ്ടു പന്തില്‍ ഏഴു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്കു വേണ്ടി ജാദവ് സിക്സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറില്‍നിന്നിരുന്ന വോക്കേഴ്സ് ക്യാച്ച്‌ എടുത്തു പുറത്താക്കി. 75 പന്തില്‍നിന്ന് 90 റണ്‍സുമായി മികച്ച പ്രകടനമാണ് ജാദവ് പുറത്തെടുത്തത്. 12 ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. പാണ്ഡ്യ 43 പന്തില്‍നിന്ന് 56 റണ്‍സ് എടുത്ത് ജാദവിനു മികച്ച പിന്തുണ നല്കി. നാലു ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്.
ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ രഹാനയ്ക്കും രാഹുലിനും മികച്ച തുടക്കം നല്കാന്‍ കഴിഞ്ഞില്ല. ഒരു റണ്‍സ് മാത്രമെടുത്ത രഹാനയെ വില്ലി ബൗള്‍ഡാക്കി. 11 റണ്‍സ് എടുത്ത രാഹുലിനെ ബാളിന്റെ പന്തില്‍ ബട്ലര്‍ ക്യാച്ച്‌ എടുത്തു പുറത്താക്കി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച നായകന്‍ കോലിയും യുവരാജ് സിംഗുമാണ് ഇന്ത്യയെ കരകയറ്റാന്‍ തുടങ്ങിയത്.
63 പന്തില്‍നിന്ന് 55 റണ്‍സ് എടുത്ത കോലി സ്റ്റോക്സിന്റെ പന്തില്‍ ബട്ലര്‍ക്കു ക്യാച്ച്‌ നല്കി പുറത്തായി. യുവരാജിന്റെ സമ്ബാദ്യം 57 പന്തില്‍ 45 റണ്‍സ് ആയിരുന്നു. യുവരാജിനെ പ്ലങ്കറ്റിന്റെ പന്തില്‍ ബില്ലിങ്സ് പിടിച്ചു പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മുന്‍ നായകന്‍ ധോണി സ്കോറിങ്ങിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും 25 റണ്‍സ് എടുത്തു പുറത്തായി. ബാളിന്റെ പന്തില്‍ ബട്ലര്‍ക്കു ക്യാച്ച്‌ നല്കിയായിരുന്നു ധോണിയുടെ പുറത്താകല്‍.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ജേസണ്‍ റോയ് (65), ജോണി ബെയര്‍സ്റ്റോ (56), ബെന്‍ സ്റ്റോക്സ് (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. പരമ്ബരയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ പരിഗണിക്കുമ്ബോള്‍ കുറഞ്ഞ സ്കോറാണിതെങ്കിലും ഇംഗ്ലണ്ട് കൊല്‍ക്കത്തയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നു പിറന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും 350നു മുകളില്‍ റണ്‍സ് പിറന്നിരുന്നു.
ടോസ് സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അതിഥികളെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വിക്കറ്റുകള്‍ വീഴുമെന്നു പ്രതീക്ഷിച്ച ക്യാപ്റ്റനെ ഞെട്ടിച്ചു ജേസണ്‍ റോയി(65)യും അലക്സ് ഹെയ്ല്‍സിനു പകരമെത്തിയ സാം ബില്ലിങ്സും(35) ചേര്‍ന്ന് 98 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് പടുത്തുയര്‍ത്തി. പക്ഷേ, 12 റണ്‍സിന്റെ ഇടംവളയില്‍ ഇരുവരെയും പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്നെത്തിയ ബെയര്‍സ്റ്റോവും നായകന്‍ മോര്‍ഗനും അടിച്ചുതകര്‍ത്തതോടെ ഇംഗ്ലീഷ് സ്കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ മോര്‍ഗനെ ബുംറയുടെ കൈയിലെത്തിച്ച്‌ ഹാര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തില്‍ മോര്‍ഗന്‍ 43 റണ്‍സ് നേടി.
അവസാന ഓവറുകളില്‍ ബെന്‍ സ്റ്റോക്സും ക്രിസ് വോക്സും നടത്തിയ തകര്‍പ്പനടികള്‍ ഇംഗ്ലീഷ് സ്കോര്‍ 300 കടത്തി. സ്റ്റോക്സ് 39 പന്തില്‍നിന്ന് 57 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ വോക്സ് 19 പന്തില്‍നിന്ന് 34 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് അവസാന അഞ്ച് ഓവറില്‍ 58 റണ്‍സ് നേടി. അവസാന പത്തോവറില്‍ 96 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റെടുത്തു.

NO COMMENTS

LEAVE A REPLY