ഇന്ത്യ യു.എ.ഇ യുമായി പതിമൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു

235

ന്യൂഡല്‍ഹി: ഇന്ത്യ യു.എ.ഇ യുമായി പതിമൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രതിരോധ മേഖലയിലടക്കം പ്രധാന പതിമൂന്ന് കരാറുകളില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ തന്ത്രപധാന പങ്കാളിയായി യു.എ.ഇ കാണുന്നുവെന്ന് കിരീടാവകാശി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് അല്‍ നെഹ്യാന്‍ ഇന്ത്യയിലെത്തിയത്. 2015 ഓഗസ്റ്റില്‍ നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശനത്തിനിടെ നടത്തിയ ചര്‍ച്ചയുടെയും കഴിഞ്ഞ വര്‍ഷം യു.എ.ഇ സംഘം ഇന്ത്യ സന്ദര്‍ശിച്ചവേളയില്‍ നടത്തിയ ചര്‍ച്ചകളുടെയും ഭാഗമായിട്ടാണ് പതിമൂന്ന് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, കടല്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കുക, ഷിപ്പിംഗ് സര്‍ട്ടിഫിക്കേഷന്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതിന് പുറമെ മനുഷ്യക്കടത്ത് തടയുക, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ചെറുകിട വ്യാപാരം പ്രോത്സാഹിക്കുക എന്നീ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. പ്രസാര്‍ഭരതിയും യു.എ.ഇ യുടെ ദേശീയ ന്യൂസ് ഏജന്‍സിയായ വാമുമായി ചേര്‍ന്ന് പരിപാടികള്‍ പങ്കിടാന്‍ ധാരണയായതായും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി(അഡ്നോക്ക്) മായി എണ്ണ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
യു.എ.ഇ. ഇന്ത്യയെ മികച്ച വ്യാപാര പങ്കാളിയായി കാണുന്നതായി അല്‍ നെഹ്യാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എ.ഇ യിലെ 25 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക് ക്ഷേമം ഉറപ്പ് വരുത്തുന്നതില്‍ യു.എ.ഇ കിരീടിവകാശിക്ക് നരേന്ദ്രമോദി നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY