കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളി

156

ന്യൂഡൽഹി ∙ കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളിക്കളഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിലിടപെടാൻ പാക്കിസ്ഥാന് അവകാശമില്ല. ചർച്ചയ്ക്കായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പാക്കിസ്ഥാനിലേക്കു വരാൻ തയാറാണെന്നും എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാത്രമാകും അതെന്നുമാണ് ഇന്ത്യയുടെ നിലപാട്. പാക്ക് വിദേശകാര്യ ഓഫിസിന് ഇന്ത്യൻ ഹൈക്കമ്മ‌ിഷണർ ഗൗതം ബംബാവാലേ കൈമാറിയ കത്തിലാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങൾക്കു കാരണം അതിർത്തി കടന്നുള്ള ഭീകരവാദമാണ്. കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണ്. അവിടെ പാക്കിസ്ഥാനു യാതൊന്നും ചെയ്യാനില്ല. കശ്മീർ വിഷയത്തിലെ പാക്ക് നിലപാടുകൾ ഇന്ത്യ തള്ളിക്കളയുന്നതായും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.

കശ്മീർ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഇന്ത്യയ്ക്കു കത്തയച്ചത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ നിർദേശങ്ങൾക്കനുസരിച്ചു ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ, സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാൻ പരാമർശം ശ്രദ്ധേയമായിരുന്നു.

NO COMMENTS

LEAVE A REPLY