ഇന്ത്യൻ ടീം പരിശീലകനെ ഇന്നറിയാം

213

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തുടർന്ന് പരിശീലിപ്പിക്കാനുള്ള നിയോഗം ആർക്കെന്ന് ഇന്നറിയാം. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.അനിൽ കുംബ്ലെ, രവി ശാസ്ത്രി എന്നീ മുൻ ഇന്ത്യൻ നായകർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് ഉപദേശക സമിതിക്കു മുന്നിൽ അഭിമുഖത്തിനു ഹാജരായത്. ചിലർ നേരിട്ടെത്തിയപ്പോൾ ചിലർ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉപദേശക സമിതിക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു.അഭിമുഖത്തിലൂടെയായിരുന്നു പുതിയ ഇന്ത്യൻ പരിശീലകന്റെ തിരഞ്ഞെടുപ്പ്. അഭിമുഖം നടത്തിയത് സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്മണും ഉൾപ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതി. ക്രിക്കറ്റ് ബോർഡിന് 57 പേർ അപേക്ഷ സമർപ്പിച്ചിരുന്നു.അതിൽനിന്നാണു 10 പേരെ അഭിമുഖത്തിനു തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെ, രവി ശാസ്ത്രി, ലാൽചന്ദ് രജ്പുത്ത്, പ്രവീൺ ആംറെ, മുൻ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റുവർട്ട് ലോ, ടോം മൂഡി, ആൻഡി മോൾസ് തുടങ്ങിയവരാണ് അഭിമുഖത്തിനെത്തിയത്.അനിൽ കുംബ്ലെ നഗരത്തിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൽ നേരിട്ടെത്തി. രവി ശാസ്ത്രി സ്കൈപ് വഴിയാണ് ആശയങ്ങൾ പങ്കുവച്ചത്. മുൻ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റുവർട്ട് ലോ, ടോം മൂഡി എന്നിവർ വിഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്തു. മുൻ ഇന്ത്യൻ താരങ്ങളായ ലാൽചന്ദ് രജ്പുത്ത്, പ്രവീൺ ആംറെ എന്നിവരും എത്തി. ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളെ പരിശീലിപ്പിച്ച ആൻഡി മോൾസ് വിഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്തു.