ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ലോജിസ്റ്റിക് കരാറില്‍ ഒപ്പുവച്ചു

219

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ലോജിസ്റ്റിക് കരാറില്‍ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളുടെയും സൈനിക വാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റുപണികള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുമായി സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനാകും. എന്നാല്‍ സൈനിക താവളങ്ങള്‍ അമേരിക്കന്‍ താവളമാക്കാന്‍ കരാര്‍ പ്രകാരം സാധിക്കില്ല.
ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ( എല്‍.ഇ.എം.ഒ.എ) എന്നറിയപ്പെടുന്ന കരാറില്‍ ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം കരാര്‍ ഇന്ത്യയുടെ പരമാധികാരം അടിയറ വെയ്ക്കുന്നതിന് തുല്യമാണെ ആരോപണം നിലനില്‍ക്കെ കരാര്‍ പ്രാബല്യത്തിലാക്കിയത് ചൈനയെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന സൂചനയുണ്ട്.
ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുമായി ആഴത്തിലുള്ള സൈനിക ബന്ധം വേണമെന്ന് അമേരിക്കന്‍ ആഗ്രഹത്തിന്റെ ഭാഗമാണ് കരാര്‍. റഷ്യയ്ക്കും, ചൈനയ്ക്കും ഭീഷണിയാകുമെന്നതിനാല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ മടിച്ചിരുന്ന കരാറാണ് ഇപ്പോള്‍ നിലവില്‍ വന്നത്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ചൈനയേയും ബദ്ധ വൈരിയായ പാകിസ്താനെയും നിലയ്ക്ക് നിര്‍ത്തുകയാണ് കരാറിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.