ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിക്കാനുള്ള ബില്ലിന് അമേരിക്കന്‍ സെനറ്റിന്‍റെ അംഗീകാരം

238

ദില്ലി: ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിക്കാനുള്ള ബില്ലിന് അമേരിക്കന്‍ സെനറ്റും അംഗീകാരം നല്‍കി. ഇന്ത്യാ അമേരിക്കന്‍ സൈനിക സഹകരണം ശക്തമാക്കാനുള്ള വ്യവസ്ഥകളുള്ള ബില്ല് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അംഗീകാരത്തിനായി അയച്ചു. എന്നാല്‍ ഇന്ത്യ അമേരിക്കന്‍ നീക്കങ്ങളുടെ ജൂനിയര്‍ പങ്കാളിയായെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരെ കണ്ട ശേഷം ഇന്ത്യാ അമേരിക്ക സൈനിക പങ്കാളിത്തം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയെ പ്രമുഖ പ്രതിരോധ പങ്കാളിയായി അംഗീകരിച്ചു കൊണ്ടുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലും ഈ ബില്ല് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വന്നെങ്കിലും അംഗീകാരം കിട്ടിയിരുന്നില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് 34നെതിരെ 375 വോട്ടുകള്‍ക്കും അമേരിക്കന്‍ സെനറ്റ് 7 വോട്ടുകള്‍ക്കെതിരെ 92 വോട്ടുകള്‍ക്കുമാണ് ഈ ബില്ല് പാസ്സാക്കിയത്. ബില്ലില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇനി ഒപ്പു വയ്ക്കണം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യയെ പ്രമുഖ പങ്കാളിയായി അമേരിക്ക അംഗീകരിക്കാനുള്ള നീക്കം ശക്തമാക്കിയിരുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണം അവശ്യം സമയങ്ങളില്‍ നടത്താനുമുള്ള കരാര്‍ നേരത്തെ ഇരു രാജ്യങ്ങളും ഒപ്പു വച്ചിരുന്നു. പ്രതിരോധ രംഗത്തെ ആധുനിക സാങ്കേതിക വിദ്യയും മറ്റും ഇന്ത്യയ്ക്ക് കൈമാറാന്‍ പുതിയ തീരുമാനത്തിലൂടെ അമേരിക്കയ്ക്ക് കഴിയും. ഒപ്പം കടല്‍ക്കൊള്ള തടയല്‍, ദുരന്ത നിവാരണം തുടങ്ങി ചില മേഖലകളില്‍ സംയുക്ത സൈനിക ആസൂത്രണത്തിനും വ്യവസ്ഥയുണ്ട്. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴാണ് അമേരിക്ക ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ സൈനിക പങ്കാളിയാക്കിയെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി. ഇന്ത്യ അമേരിക്കയോട് അടുക്കുന്നതില്‍ ഏറെ അതൃപ്തിയുള്ള ചൈനയെ അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും കൈക്കൊണ്ട ഈ തീരുമാനം പ്രകോപിതരാക്കും എന്നുറപ്പാണ്.

NO COMMENTS

LEAVE A REPLY