ചിറ്റാരിക്കാല്‍ കുന്നുംകൈ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവര്‍ത്തി ഉദ്ഘാടനം എം രാജ ഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

51

കാസറഗോഡ് : ചിറ്റാരിക്കാല്‍ കുന്നുംകൈ പിഡബ്ല്യുഡി റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവര്‍ത്തി ഉദ്ഘാടനം എം രാജ ഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നബാര്‍ഡ് ആര്‍. ഐ. ഡി. എഫ.് ഫണ്ടിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. മലയോര മേഖലയില്‍ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.

റോഡ് സൗകര്യവുമായി ബന്ധപ്പെട്ട് പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളെ കണ്ടെത്തി ആ പ്രദേശങ്ങള്‍ക്കായി പദ്ധതി കള്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതായും എം എല്‍ എ പറഞ്ഞു.

ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസി ടോം. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കോയിതുരുത്തേല്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ സലാം ഹാജി, മാത്യു വര്‍ക്കി, ബാലാമണി, എംസി മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ ടി ജോസ്, എ ജെ ഷാജി, സി പി സുരേശന്‍, ഇസ്മയില്‍, ടിവി അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പ്രകാശ് നന്ദിയും പറഞ്ഞു.

താലൂക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡ്

മലയോര ഹൈവേ കടന്നു പോകുന്ന ചിറ്റാരിക്കാല്‍ ടൗണില്‍ നിന്ന് ആരംഭിക്കുന്ന ചിറ്റാരിക്കല്‍ കുന്നുംകൈ റോഡ് ഈ പ്രദേശത്തെ വെള്ളരിക്കുണ്ട് താലൂക്കുമായി ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡാണ്.10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ 1.6 കിലോമീറ്റര്‍ മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള ഭാഗവും 6.5 കിലോമീറ്റര്‍ മുതല്‍ 10.5 കിലോമീറ്റര്‍ വരെയുള്ള ഭാഗവും മെക്കാഡം ടാറിങ് നടത്തി അഭിവൃദ്ധിപ്പെടുത്താന്‍ നബാര്‍ഡ് ആര്‍ ഐ ഡി എഫ് ഫണ്ടില്‍നിന്നും 9.46 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

ഈ റോഡിന്റെ ബാക്കിയുള്ള ഭാഗം ബജറ്റ്, കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് എന്നീ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിരുന്നു. കലുങ്കുകള്‍, പാര്‍ശ്വഭിത്തി നിര്‍മാണം, കോണ്‍ക്രീറ്റ് ഓടകള്‍, കവറിങ് സ്ലാബുകള്‍, റോഡ് സുരക്ഷാ ട്രാഫിക് ബോര്‍ഡുകള്‍ തുടങ്ങിയവയും നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു.പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലയളവ് 18 മാസമാണ്

NO COMMENTS