മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഗൗരവത്തോടെ കാണണം

78

കാസറഗോഡ് : കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു. ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജില്ലയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയില്‍ നിന്നും ഇനിയും ധാരാളം ആളുകള്‍ ജില്ലയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

കാര്യക്ഷമമായ രീതിയില്‍ സ്ഥാപനങ്ങളിലും വീട്ടു മുറികളിലും ഉള്ള നിരീക്ഷണം നടപ്പിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇതുവരെ രോഗ പകര്‍ച്ച തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത് എന്നാല്‍ കൂടുതലായി ആളുകള്‍ ജില്ലയ്ക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മുഴുവനാളുകളും തയ്യാറാവുക എന്നുള്ളത് മാത്രമാണ് രോഗവ്യാപനം തടയാനുള്ള ള്ള പോംവഴി.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാനും നിരീക്ഷണത്തില്‍ കഴിയാനും തയ്യാറാവണം. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നു വെന്ന് കുടുംബാംഗങ്ങളും വാര്‍ഡുതല ജാഗ്രതാ സമിതികളും ഉറപ്പുവരുത്തണം.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അനാവശ്യമായ യാത്രകള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതും മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ എന്നീ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS