ബിജെപി ഹെഡ്കോർട്ടേഴ്‌സ് ലെെബ്രറിയിൽ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബെെബിളിനും ഒപ്പം – ഇനി ഖുര്‍ആനും

169

ഡെറാഡൂണ്‍: ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ലെെബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും ഉള്‍പ്പെടുത്തി ബിജെപി. പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള ലെെബ്രറിയിലാണ് ഖുര്‍ആന്‍റെ രണ്ട് കോപ്പികള്‍ എത്തിച്ചത്. ഒരു വര്‍ഷം മുൻമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഈ ലെെബ്രറി ഉദ്ഘാടനം ചെയ്തത്.

മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബെെബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബിജെപിയുടെ മാധ്യമ വിഭാഗം ചുമതലയുള്ള ശദബ് ഷംസ് പറഞ്ഞു. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എല്ലാവരും ഖുര്‍ആന്‍ വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും മോദി അഭിസംബോധന ചെയ്തിരുന്നു.

പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു. എന്‍ഡിഎയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്‍റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല.

എന്‍ഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകള്‍ പൊളിച്ച്‌ ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്.

പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച്‌ എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി.

ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓര്‍മ്മിപ്പിച്ച്‌ മോദി പറഞ്ഞു. ”സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങള്‍ക്ക് തുല്യമാണ്” മോദി വ്യക്തമാക്കി.

NO COMMENTS