രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് ഇമ്രാന്‍ ഖാന്‍

258

ഇസ്ലാമാബാദ്• രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് പാക്കിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് (പിടിഐ) നേതാവും മുന്‍ പാക്ക് ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന്‍ ഖാന്‍. രാജ്യത്തെ സൈന്യത്തെ ഒറ്റപ്പെടുത്തി അവരുടെ ആത്മവീര്യം കെടുത്തുകയാണ് നവാസ് ഷെരീഫെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.
ഭീകരവാദികള്‍ക്കെതിരെ സൈന്യം നടത്തിയ സാര്‍ബി ആസ്ബ് ഓപ്പറേഷന്‍ മുതല്‍ ബലൂചിസ്ഥാനിലെയും കറാച്ചിയിലെയും ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും, പഞ്ചാബ് പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ഛോട്ടു ഗാങ്ങിനെ തുരത്തുന്നതിലും സൈന്യം നല്‍കിയ സംഭാവനകള്‍ മറക്കാവുന്നതല്ലെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ രണ്ടിന് പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദ് സ്തംഭിപ്പിക്കാനുള്ള പിടിഐയുടെ തീരുമാനം രാജ്യത്ത് ഒരു മൂന്നാം ശക്തിയുടെ ഉദയത്തിനു കാരണമായാല്‍ അതിന്റെ ഉത്തരവാദി നവാസ് ഷെരീഫ് മാത്രമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അതേസമയം, ഇത്തരമൊരു മൂന്നാം ശക്തിയെ ഉയര്‍ത്തിക്കൊണ്ടു വരികയല്ല പിടിഐ നടത്തുന്ന നഗരം സ്തംഭിപ്പിക്കല്‍ പദ്ധതിയുടെ ലക്ഷ്യമെന്നും ഇമ്രാന്‍ വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY