മറുപടിയില്ലാത്ത അഞ്ചു ഗോളിന് കേരളത്തെ മുക്കി മുംബൈ

169

മുംബൈ • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും ഒാര്‍ക്കാന്‍ ആഗ്രഹിക്കാത്ത മല്‍സരങ്ങളിലൊന്നായിരിക്കും അന്ധേരി സ്പോര്‍ട്സ് അരീനയിലേത്. മുംബൈ സിറ്റി എഫ്സിയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ തോല്‍വി. 5, 14, 63, 69, 73 മിനിറ്റുകളിലാണ് മുംബൈ സ്കോര്‍ ചെയ്തത്. ജയത്തോടെ 19 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് നാലാമതും. മുംബൈ സിറ്റി എഫ്സിയുെട ക്യാപ്റ്റനും യുറഗ്വായുടെ എക്കാലത്തെയും മികച്ച ഫുട്ബോളറുമായ ഡിയേഗോ ഫോര്‍ലാന്‍ എന്ന പ്രതിഭയുടെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ പിറന്നത് എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍. അതിനൊപ്പം കാഫുവും ലൂസിയാന്‍ ഗോയനും ചേര്‍ന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു ഗോളിന്റെ നാണംകെട്ട തോല്‍വി. ഐഎസ്‌എല്‍ മൂന്നാം സീസണില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ പരാജയമാണിത്.
5, 14, 63 മിനിറ്റുകളിലാണ് ഫോര്‍ലാന്‍ ഗോളുകള്‍ നേടിയത്. മല്‍സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയാണ് ഫോര്‍ലാന്‍ തുടങ്ങിയത്. ഡെഫെഡറിക്കോ ചിപ്പ് ചെയ്തു നല്‍കിയ പന്ത് കേരളത്തിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി ഫോര്‍ലാന്‍ ഗോളാക്കുകയായിരുന്നു. അധികം വൈകാതെ 14-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും പിറന്നു. മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു കേരളത്തിനെതിരെ ഫോര്‍ലാന്റെ രണ്ടാം പ്രഹരം. പിന്നീട് 63-ാം മിനിറ്റില്‍ മൂന്നാമതും കേരളത്തിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ച ഫോര്‍ലാന്‍ മൂന്നാം സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി. 67-ാം മിനിറ്റില്‍ ഫോര്‍ലാനെ കോച്ച്‌ തിരിച്ചു വിളിച്ചപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ഗ്യാലറി യാത്രയാക്കിയത്. 69-ാം മിനിറ്റില്‍ കാഫു ആണ് മുംബൈയ്ക്കായി നാലാം ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 73-ാം മിനിറ്റില്‍ ലൂസിയാന്‍ ഗോയന്‍ അഞ്ചാം ഗോളും നേടി.
എങ്ങനെയെങ്കിലും ഗോളുകള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെട്ട ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ഇന്ന് അപ്പാടെ താളം തെറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളിലെ താരമായിരുന്ന സി.കെ. വിനീതിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. അവസാന നിമിഷം ആശ്വാസ ഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുംബൈ ഗോളിയും പ്രതിരോധ നിരയും തട്ടിയകറ്റുകയായിരുന്നു.