ചെന്നൈയിന്‍ എഫ്സി പൂണെയെ എഫ്സിയെ തോല്‍പ്പിച്ചു

182

ചെന്നൈ • മറുപടിയില്ലാത്ത രണ്ടു ഗോളിന് എഫ്സി പൂണെയെ തോല്‍പ്പിച്ച്‌ ചെന്നൈയിന്‍ എഫ്സി ഐഎസ്‌എല്‍ മൂന്നാം സീസണിലെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ‘തലകൊണ്ടുള്ള’ രണ്ടുഗോളുകളാണ് ചെന്നൈയിനെ ജയിപ്പിച്ചത്. ജെജെ (44)യും ഡേവിഡ് സൂചി (51)യുമാണ് മനോഹരമായ ഹെഡറുകളിലൂടെ ഗോളുകള്‍ നേടിയത്. ഇരുടീമുകളും വാശിയോടെയാണ് കളിച്ചതെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചത് ചെന്നൈയിനാണ്. അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലായേനെ ചെന്നൈയിന്‍ ജയം. ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍. 44-ാം മിനിറ്റില്‍ മനോഹരമായി നടത്തിയ ഒരു നീക്കത്തിനൊടുവില്‍ ഡേവിഡ് സുചി നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെജെ ഹെഡ്ഡറിലൂടെ പുണെയുടെ വലയില്‍ വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ചെന്നൈയിനും സമനിലഗോളിനായി പൂണെയും കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍ ചെന്നൈയിന്റെ നീക്കം തന്നെ വിജയിച്ചു. 51-ാം മിനിറ്റില്‍ സൂചി ടീമിനായി രണ്ടാം ഗോളും നേടി. അതും ഹെഡ്റിലൂടെ തന്നെ. റാഫേല്‍ അഗസ്റ്റോയുടെ ക്രോസ്സില്‍ ഉയര്‍ന്നു ചാടി ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ഡേവിഡ് സുചി പന്ത് പുണെയുടെ വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയവും മൂന്നു സമനിലയും നാലു തോല്‍വിയുമായി 13 പോയിന്റ് നേടിയ ചെന്നൈയിന്‍ എഫ്സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. മല്‍സരത്തില്‍ തോല്‍വിയറിഞ്ഞ പൂണെ ആറാം സ്ഥാനത്തേക്ക് താഴ്ന്നു.