നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്സി ഗോവയ്ക്ക് ജയം

181

മഡ്ഗാവ്• നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആതിഥേയരായ എഫ്സി ഗോവയ്ക്ക് നാടകീയ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം. ഇന്ത്യന്‍ താരം സെയ്ത്യാസെന്‍ സിങ് (50) നോര്‍ത്ത് ഈസ്റ്റിനായും റോബിന്‍ സിങ് (62), റോമിയോ ഫെര്‍ണാണ്ടസ് (90+) എന്നിവര്‍ ഗോവയ്ക്കായും ഗോള്‍ നേടി. 72-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഗോവന്‍ താരം സഹീല്‍ ടവോറ ചുവപ്പുകാര്‍ഡുമായി കളം വിട്ടതോടെ 10 പേരുമായാണ് ഗോവ മല്‍സരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങള്‍ക്കിടെ ചുവപ്പുകാര്‍ഡ് വാങ്ങുന്ന മൂന്നാം ഗോവന്‍ താരമാണ് ടവോറ. കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ രണ്ട് ഗോവന്‍ താരങ്ങള്‍ ചുവപ്പുകാര്‍ഡ് വാങ്ങിയിരുന്നു. ക്യാപ്റ്റന്‍ ഗ്രിഗറി അര്‍നോളിന്‍, റിച്ചാര്‍ലിസന്‍ എന്നിവരാണ് അന്ന് ചുവപ്പുകാര്‍ഡ് കണ്ടത്. തന്‍മൂലം ഇന്നത്തെ മല്‍സരത്തില്‍ ഇരുവരും കളത്തിലിറങ്ങിയിരുന്നില്ല. മല്‍സരശേഷം റഫറിയോട് മോശമായി പെരുമാറിയതിന് രണ്ടു മല്‍സരങ്ങളില്‍നിന്ന് വിലക്കു ലഭിച്ച ലൂസിയോ, റാഫേല്‍ ഡ്യൂമാസ് എന്നിവരും ഇന്ന് പുറത്തിരുന്നു. ഗോവന്‍ ടീമിന് 4,40,000 രൂപ പിഴയും വിധിച്ചിരുന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച മൂന്നു ഗോളുകളും. അധികസമയത്തിന്റെയും അവസാന മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്. സെയ്ത്യാസെന്‍ സിങ് നേടിയ ഗോളില്‍ 50-ാം മിനിറ്റില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ 62-ാം മിനിറ്റില്‍ റോബിന്‍ സിങ് നേടിയ ഗോളില്‍ ഗോവ സമനിലയില്‍ പിടിച്ചിരുന്നു. മല്‍സരം സമനിലയില്‍ത്തന്നെ അവസാനിക്കുമെന്ന് കരുതിയിരിക്കെയായിരുന്നു റോമിയോ ഫെര്‍ണാണ്ടസിന്റെ എക്സ്ട്രാ ടൈം ഗോള്‍. വിജയത്തോടെ 10 മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റായെങ്കില്‍ ഗോവ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു. നോര്‍ത്ത് ഈസ്റ്റിനും 10 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവ് അവരെ ആറാം സ്ഥാനത്ത് നിലനിര്‍ത്തി.