ചെന്നൈ• ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്വന്തം മൈതാനത്ത് ആതിഥേയരായ ചെന്നൈയിന്‍ എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം സമനില. അവസാന നിമിഷം വരെ വിജയമുറപ്പിച്ച് കളിച്ച ചെന്നൈയിനെ മല്‍സരത്തിന്‍റെ 88-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ലിയോ കോസ്റ്റ നേടിയ ഗോളിനാണ് മുംബൈ സിറ്റി എഫ്സി തളച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖൂലെ നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. സീസണില്‍ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍റെ നാലാം സമനിലയാണിത്. എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റി എഫ്സിയുടെ മൂന്നാം സമനിലയും. ഏഴു മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സി ഒരു പടി കയറി നാലാമതെത്തിയപ്പോള്‍ മുംബൈ സിറ്റി എഫ്സി എട്ടു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി.
51-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നായിരുന്നു ചെന്നൈയിന്‍റെ ആദ്യ ഗോള്‍. മൈതാനത്തിന്‍റെ വലത്തേമൂലയില്‍നിന്നും മൗറീഷ്യോ പെലൂസോ ഉയര്‍ത്തിവിട്ട പന്തില്‍ ജെജെയുടെ കിടിലന്‍ ഹെഡര്‍. ഗോള്‍കീപ്പറിന് തൊട്ടുമുന്നില്‍ കുത്തിയ പന്ത് കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. സ്കോര്‍ 1-0. ജെജെയുടെ ഗോളില്‍ വിജയമുറപ്പിച്ച് മുന്നേറിയ ചെന്നൈയിനെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോള്‍ വന്നത് 88-ാം മിനിറ്റില്‍. വൈകിയാണെത്തിയതെങ്കിലും സീസണിലെ തന്നെ ഉജ്വലമായ ഗോളുകളിലൊന്നായിരുന്നു ലിയോ കോസ്റ്റ നേടിയത്. സോണി നോര്‍ദയില്‍നിന്നും പന്ത് ലഭിക്കുമ്പോള്‍ ഗോളില്‍നിന്ന് 25 അടിയിലധികം അകലെയായിരുന്നു കോസ്റ്റ. രണ്ടു ചുവട് മുന്നോട്ടുവച്ച് കോസ്റ്റ തൊടുത്ത ഷോട്ട് ഗോള്‍കീപ്പറിന്റെ നീട്ടിയ കൈകളെയും കടന്ന് പോസ്റ്റിന്‍റെ വലതുമൂലയില്‍ തട്ടി വലയില്‍ കയറി. സ്കോര്‍ 1-1.