രവിചന്ദ്ര അശ്വിന്‍ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

234

ദുബായ്: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ 13 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അശ്വിനെ മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്. 900 റേറ്റിങ് പോയിന്റുമായി ഫാസ്റ്റ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണെയും ഡെയ്ല്‍ സ്റ്റെയ്നിനെയും മറികടന്നാണ് അശ്വിന്‍ ഒന്നാമതെത്തിയത്.ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് അഞ്ചു വിക്കറ്റ്നേട്ടമുള്‍പ്പെടെ 27 വിക്കറ്റാണ് അശ്വിന്‍ അക്കൗണ്ടിലെത്തിച്ചത്.ടെസ്റ്റ് കരിയറില്‍ ആകെ 220 വിക്കറ്റിലെത്തിയ അശ്വിന്‍ വെറും 39 ടെസ്റ്റുകള്‍ മാത്രമാണ് ഇതിനായി ചെലവഴിച്ചത്. ഇത്രയും കുറഞ്ഞ ടെസ്റ്റില്‍ 220 വിക്കറ്റിലെത്തുന്ന ആദ്യ താരമാണ് അശ്വിന്‍.

ടെസ്റ്റ് ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മുന്നില്‍ കയറി ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയോടൊപ്പം മൂന്നാം സ്ഥാനം പങ്കിടുന്നു. ബംഗ്ലാദേശിന്റെ ഷക്കീബുല്‍ ഹസ്സനാണ് രണ്ടാമത്.ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ 188 റണ്‍സടിച്ച അജിങ്ക്യ രഹാനെ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ അഞ്ച് സ്ഥാനം മുന്നില്‍ക്കയറി ആറാം സ്ഥാനത്തെത്തി. രഹാനെയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
മറ്റു ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര 14ാം സ്ഥാനത്തും വിരാട് കോലി 16ാം സ്ഥാനത്തുമാണ്. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ്. രണ്ടാമത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമാണുള്ളത്.

NO COMMENTS

LEAVE A REPLY