എച്ച്എല്‍എല്‍ ‘മൂഡ്‌സി’ന് ഏഷ്യയിലെ മികച്ച ബ്രാന്‍ഡ് പുരസ്‌കാരം

247

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ (എച്ച്എല്‍എല്‍) കോണ്ടം ബ്രാന്‍ഡായ മൂഡ്‌സ് ഏഷ്യയിലെ മികച്ച ബ്രാന്‍ഡുകള്‍ക്കുള്ള ഇക്കൊല്ലത്തെ ‘പ്രസ്റ്റീജിയസ് ബ്രാന്‍ഡ്‌സ് ഓഫ് ഏഷ്യ’ പുരസ്‌കാരം നേടി. സുരക്ഷിത ലൈംഗികബന്ധത്തിനുള്ള ഉപാധിയെന്ന നിലയില്‍ മൂഡ്‌സിന്റെ വിശ്വാസ്യതയ്ക്കും ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

മുംബൈയില്‍ നടന്ന മാര്‍ക്കറ്റിംഗ് മെയ്സ്റ്റര്‍ സമ്മിറ്റ് 2017 ചടങ്ങില്‍ എച്ച്എല്‍എല്‍ സിഎംഡി ശ്രീ. ആര്‍.പി. ഖണ്ടേല്‍വാല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഉപഭോക്താവിന്റെ സംതൃപ്തിക്കായി ഏറ്റവും ചെറിയ കാര്യങ്ങളില്‍പോലും ബ്രാന്‍ഡ് ശ്രദ്ധിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഈ അംഗീകാരം.

മൂഡ്‌സിനായുള്ള ഈ പുരസ്‌കാരം സ്വീകരിക്കുന്നത് ബഹുമതിയാണെന്ന് ശ്രീ. ഖണ്ടേല്‍വാല്‍ പറഞ്ഞു. ഗുണനിലവാരത്തിലും ഉപഭോക്തൃ സേവനത്തിലും കമ്പനിയുടെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അഭിമാനകരമായ പുരസ്‌കാരം. ആഗോളതലത്തില്‍ ബ്രാന്‍ഡിന് ലഭിച്ച സ്വീകാര്യതയും ഇത് സൂചിപ്പിക്കുന്നു. ഏറ്റവും മികച്ച സാങ്കേതികവിദ്യയിലും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉന്നതയോഗ്യത നേടിയവരും അനുഭവസമ്പന്നരുമായ സംഘത്തിന്റെ മേല്‍നോട്ടത്തിലുമായി പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഗര്‍ഭനിരോധന നിര്‍മിക്കാനുള്ള ശേഷിയുള്ള എച്ച്എല്‍എല്‍ ആഗോളതലത്തില്‍തന്നെ ഏറ്റവും വലിയ കോണ്ടം നിര്‍മാതാക്കളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1987ല്‍ എച്ച്എല്‍എല്ലിന്റെ പ്രധാന കോണ്ടം ബ്രാന്‍ഡായി ആരംഭിച്ച മൂഡ്‌സ് 19 വേരിയന്റുകളായാണ് നിര്‍മിക്കുന്നത്. സ്വാഭാവിക റബര്‍ ലാറ്റക്‌സ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവടങ്ങളിലായി 33 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.

വിപണി ഗവേഷണ സ്ഥാപനമായ ഇആര്‍റ്റിസി (എസ്ലോള്‍ റിസര്‍ച്ച് ട്രെന്‍ഡ് ആന്‍ഡ് കണ്‍സല്‍റ്റിംഗ്) ഏഷ്യാ-പെസഫിക് മേഖലയിലെ തെരഞ്ഞെടുത്ത ജനവിഭാഗങ്ങളില്‍ നടത്തിയ പ്രാഥമിക, രണ്ടാംഘട്ട സര്‍വേകളില്‍ ലഭിച്ച നാമനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആരോഗ്യവിഭാഗത്തില്‍ വിപണനമികവിലെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാണ് മൂഡ്‌സ്. മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍ തന്ത്രങ്ങള്‍, വീക്ഷണവും ദൗത്യവും, വിപണി പങ്കാളിത്തം, ബ്രാന്‍ഡിന്റെ പ്രകടനം, തനത് വില്പനാവതരണം, വളര്‍ച്ച എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വിലയിരുത്തുന്നതായിരുന്നു സര്‍വേ.

NO COMMENTS

LEAVE A REPLY