എച്ച്എല്‍എല്‍ പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

217

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) 2016-17 അധ്യയന വര്‍ഷത്തെ പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ എസ്.എം. വിജയാനന്ദ് വിതരണം ചെയ്തു.

തിരുവനന്തപുരത്തുനിന്നുള്ള 28 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. എച്ച്എല്‍എല്ലിന്റെ സാമുഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) സംരംഭമായ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായാണ് എംബിബിഎസ്, എന്‍ജിനീയറിംഗ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിംഗ് കോഴ്‌സുകള്‍ ചെയ്യുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നത്.
നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള വഴിയാണ് സ്‌കോളര്‍ഷിപ്പുകളെന്ന് ശ്രീ. വിജയാനന്ദ് പറഞ്ഞു. വിദ്യാഭാസം മാത്രമേ നിങ്ങളെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് നയിക്കുകയുള്ളു. പഠനത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ഘടകങ്ങളെ മാറ്റിവച്ച് പഠനത്തില്‍ ആത്മാര്‍ത്ഥതയുള്ള വിദ്യാര്‍ഥികളായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മികച്ചനേതൃനിരയുള്ള വിജയകരമായ സ്ഥാപനമെന്ന നിലയിലും സമൂഹത്തിലെ ആരോഗ്യരംഗത്തിലടക്കമുള്ള വിവിധ മേഖലകളിലെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കുന്നതിലും അദ്ദേഹം എച്ച്എല്‍എല്ലിനെ അഭിനന്ദിച്ചു.

ഈ വര്‍ഷം തിരുവനന്തപുരം നഗരത്തില്‍നിന്ന് സ്‌കോളര്‍ഷിപ്പിനായി 201 അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും ഇതില്‍നിന്നാണ് 28 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതെന്നും എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ബാബു തോമസ് പറഞ്ഞു. 2014 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ബെല്‍ഗാം ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിവരുന്നത്.

ഈ വര്‍ഷം ബെല്‍ഗാമില്‍നിന്നുള്ള 275 അപേക്ഷകരില്‍നിന്നു 19 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് 2014-15 വര്‍ഷത്തില്‍ ഏഴും 2015-16 വര്‍ഷത്തില്‍ പതിനേഴും 2016-17 വര്‍ഷത്തില്‍ ഇരുപത്തിയെട്ടുമായി വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ ബെല്‍ഗാമിലേത് 2014-15 വര്‍ഷത്തില്‍ നാലും 2015-16 വര്‍ഷത്തില്‍ പത്തും 2016-17 വര്‍ഷത്തില്‍ പത്തൊന്‍പതുമായി ഉയര്‍ന്നു.

തെരഞ്ഞെടുക്കപ്പെട്ട അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപയും എന്‍ജിനീയറിംഗ്, ബി.ഫാം വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപയും, ഡിപ്ലോമ, നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും വീതം വാര്‍ഷിക ഗ്രാന്റ് ആയി നല്‍കും. ഐറ്റിഐ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതുവരെ പ്രതിവര്‍ഷം 5,000 രൂപ ലഭിക്കും.

എച്ച്എല്‍എല്‍ യൂണിറ്റുകളുള്ള മറ്റു സ്ഥലങ്ങളിലേയ്ക്കും പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും കമ്പനി സെക്രട്ടറിയുമായ ശ്രീ. പി.ശ്രീകുമാര്‍ പറഞ്ഞു. എച്ച്എല്‍എല്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫിസറും ഫൈനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റുമായ ശ്രീ. ആര്‍. ഗണേശന്‍, പൂജപ്പുര മഹിളാമന്ദിരം സെക്രട്ടറി ശ്രീമതി. ശ്രീകുമാരി, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആര്‍) ശ്രീമതി. സരസ്വതീ ദേവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY