രക്തം സ്വീകരിച്ച രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് എച്ച്‌ ഐ വിയെന്ന് സൂചന

216

ന്യൂഡല്‍ഹി: രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പേര്‍ എച്ച്‌ ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്. ദേശീയ എയ്‍ഡ്‍സ് നിയന്ത്രണ സംഘടന (നാക്കോ)യുടെതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് നാക്കോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രക്തം സ്വീകരിച്ചതു കൊണ്ടു മാത്രം രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്സിന് കാരണമായ എച്ച്‌ ഐ വി വൈറസ് ബാധിച്ചെന്നാണ് നാക്കോ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്കോ. സാമൂഹികപ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് നാക്കോ ഈവിവരം നല്‍കിയത്.
എന്നാല്‍ പുറത്തുവിട്ട വിവരത്തിന്റെ വിശ്വാസ്യതയെക്കുറിച്ച്‌ നാക്കോതന്നെ സംശയം പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്. വൈറസ് ബാധിതര്‍ സ്വയം നല്‍കിയ വിവരമാണിതെന്നും രക്തക്കൈമാറ്റത്തിലൂടെത്തന്നെയാണ് എച്ച്‌ ഐ വി പകര്‍ന്നതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും നാക്കോ വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞമാസം കോണ്‍ഗ്രസ് എം.പി. ജ്യോതിരാദിത്യ സിന്ധ്യ ഇതു സംബന്ധിച്ച ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ മറുപടി. നിലവിലെ പരിശോധനാസംവിധാനങ്ങളുടെ അപര്യാപ്തതമാണെന്നും ഇത്തരത്തില്‍ വൈറസ് പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞത്.
ഇന്ത്യയിലെ എച്ച്‌.ഐ.വി.ബാധയുടെ 95 ശതമാനവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുിന്നു. 0.1 ശതമാനം സാധ്യത മാത്രമേ രക്തക്കൈമാറ്റത്തിലൂടെ വൈറസ് ബാധയുണ്ടാകുന്നുള്ളൂവെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാല്‍, 1.7 ശതമാനത്തിന് രക്തക്കൈമാറ്റത്തിലൂടെ എച്ച്‌.ഐ.വി. ബാധിക്കുന്നുവെന്നാണ് നാക്കോ പറയുന്നത്.
ദാതാക്കളുടെ രക്തം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളില്‍ നിര്‍ബന്ധമാണ്. രക്തക്കൈമാറ്റത്തിലൂടെയുള്ള രോഗബാധ ഒഴിവാക്കാനാണിത്. എന്നാല്‍, പരിശോധന മിക്കയിടങ്ങളിലും നടക്കാറില്ല.

NO COMMENTS

LEAVE A REPLY