കൊച്ചി: ഐ.എസ്. ബന്ധം ആരോപിക്കപ്പെട്ടുള്ള കേസിന്‍റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നു ഹൈക്കോടതി. പോലീസ് പീഡനം ആരോപിച്ച് ചേര്‍പ്പുളശേരി പുത്തൂര്‍വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. തന്‍റെ സഹോദരന്‍ ഷംസുദീനെതിരായ കേസിന്‍റെ അന്വേഷണത്തിന്‍റെ മറവില്‍ പീഡിപ്പിക്കുകയാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.ചേര്‍പ്പുളശേരി സ്വദേശിയായ യുവതിയെ മതം മാറ്റി യെമനിലേക്കു കടത്താനുള്ള ഗൂഢാലോചന നടന്നതു ഹര്‍ജിക്കാരന്‍റെ വസതിയിലാണെന്നും സഹോദരന്‍ കേസില്‍ പ്രതിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണു നടക്കുന്നതെന്നും കേരളത്തില്‍ നിന്നു നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവരെ ഐ.എസില്‍ ചേര്‍ത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടക്കുകയുമാണ്.
ഭീകര സംഘടനയായ ഐ.എസ്. പല രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ഇന്ത്യയില്‍നിന്നു പലരും ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നു. ഇന്ത്യയും ഐ.എസിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്.
കേരളം ഐ.എസിന്‍റെ റിക്രൂട്ടിങ് ഹബ്ബായി മാറിയിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുക്കുന്പോള്‍, പോലീസ് അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ഹര്‍ജിക്കാരന്‍റെ വാദത്തിനു ന്യായീകരണമില്ല. കേന്ദ്ര സര്‍ക്കാരും സംഭവവികാസങ്ങള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. നിസാര കാര്യങ്ങള്‍ ഉന്നയിച്ച് കേസന്വേഷണം അട്ടിമറിക്കാനാകില്ല. യുവതിയെ യെമനിലേക്കു കടത്താനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതിനാല്‍ കേസന്വേഷണം ത്വരിതപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
യുവതിയെ കാണാനില്ലെന്നു പരാതിപ്പെട്ട് പിതാവാണ് കോടതിയെ സമീപിച്ചത്. പിന്നീട് യുവതി കോടതിയില്‍ നേരിട്ട് ഹാജരായി. താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും സുഹൃത്തിനൊപ്പം പോകാനാണു താല്‍പര്യമെന്നും യുവതി കോടതിയെ അറിയിച്ചു.
പിന്നീട് മാതാപിതാക്കളോടൊപ്പം പോകാന്‍ യുവതി തയാറാകുകയായിരുന്നു.
ആരോപണം ഉയര്‍ന്ന മഞ്ചേരിയിലെ സ്ഥാപനത്തില്‍ പരിശോധന നടത്താനും യുവതി ഇന്ത്യ വിടുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെയാണ് പ്രതികളിലൊരാളായ ഷംസുദീന്‍റെ സഹോദരന്‍ പോലീസ് പീഡനം ആരോപിച്ച് കോടതിയെ സമീപിച്ചത്.