സംസ്ഥാനത്ത് നാലുദിവസം കൂടി കനത്തമഴ തുടരും – തീവണ്ടികള്‍ റദ്ദാക്കി.

124

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് തുലാവര്‍ഷം ഇത്രയും ശക്തമാകാന്‍ കാരണം.സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദം ഇപ്പോള്‍ മഹാരാഷ്ട്രതീരത്തേക്കു നീങ്ങുകയാണ്. പിന്നീടിത് ഗതിമാറി ഒമാന്‍ തീരത്തേക്കു പോകുമെന്നാണു വിലയിരുത്തല്‍.

ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള അഞ്ചു ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മഞ്ഞ ജാഗ്രതയാണ്.

ബുധനാഴ്ച പത്തു ജില്ലകളില്‍ മഞ്ഞ ജാഗ്രത ബാധകമാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണിത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജരാകാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശംനല്‍കി.

ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ചു സംഘങ്ങളെ അധികമായി ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ സംസ്ഥാന ഇന്‍സിഡന്‍റ് കമ്മ‌ിഷണറായി യോഗം ചുമതലപ്പെടുത്തി.

ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളത്തു നിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളായ ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) വണ്ടികള്‍ റദ്ദാക്കി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ ദുരിതമായത്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
സൗത്ത് സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനോളം വെള്ളമുയര്‍ന്നു. നോര്‍ത്തില്‍ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്നലുകള്‍ തകരാറിലായി. രാവിലെ ആറുമുതല്‍ തീവണ്ടികള്‍ കടത്തിവിടാന്‍ കഴിയാതെയായി. സൗത്ത് സ്‌റ്റേഷന്‍ ഉച്ചയ്ക്കു മൂന്നിനുശേഷമാണ് ഭാഗികമായി പ്രവര്‍ത്തനക്ഷമമായത്. 12 പാസഞ്ചറുകളും നാല് എക്‌പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

NO COMMENTS