കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

226

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ഉച്ചയക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഈ സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കണം. മഴക്കാര്‍ കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക. മുന്‍ അനുഭവങ്ങളില്‍ മഴക്കാറ് കണ്ട് വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പോയ വീട്ടമ്മമാരില്‍ കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കണം.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷയ്ക്കായിട്ടുള്ള സുവര്‍ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

NO COMMENTS