മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

353

മനഃശാസ്ത്ര വിദഗ്ധർ മനോരോഗങ്ങളെ സൈക്കോസിസ് എന്നും ന്യൂറോസിസ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. മിഥ്യാവിശ്വാസങ്ങളും തോന്നലുകളും ഉണ്ടാവുകയും യാഥാർഥ്യബോധം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സൈക്കോസിസ്. ന്യൂറോസിസിൽ വ്യക്തിക്ക് സ്വയവും മറ്റുള്ളവരുമായി ഇടപെടാനുള്ള ബുദ്ധിമുട്ടുകളുമാണ് ഉള്ളത്. ഉത്കണ്ഠരോഗങ്ങൾ, (obsessive compulsive Disorder) സംഘർഷ രോഗങ്ങൾ, കൺവേർഷൻ രോഗം somatoform disorder എന്നിവയാണ് പ്രധാനപ്പെട്ട ന്യൂറോസിസ് രോഗങ്ങൾ. സൈക്കോസിസ് രോഗങ്ങളിൽ പ്രധാനപ്പെട്ടത് സ്കിസോഫ്രീനിയയും മിഥ്യാവിശ്വാസ രോഗങ്ങളുമാണ്. സ്കിസോഫ്രീനിയ എന്നത് ഒരു പ്രത്യേക രോഗമല്ല, ഒരു കൂട്ടം രോഗങ്ങളാണ്.

ഒരു ലാബ് പരിശോധനയിലൂടെ കണ്ടെത്തുന്നതുപോലെ, നുറുശതമാനം വസ്തുനിഷ്ഠമായ മനോരോഗനിർണയ രീതി മനഃശാസ്ത്ര ചികിത്സയിൽ സാധ്യമല്ല. രോഗിയുടെ പെരുമാറ്റവും പ്രകൃതവും നിരീക്ഷിച്ചും അയാളോടും കുടുംബാംഗങ്ങളോടും സംസാരിച്ചും അയാളുടെ ശ്രദ്ധ, സ്ഥലകാല – വ്യക്തിബോധം, ഓർമശക്തി, ഗ്രഹണശേഷി, സാമാന്യബുദ്ധി തുടങ്ങിയ മാനസികതലങ്ങളെ വിലയിരുത്തിയുമാണ് മനഃശാസ്ത്രജ്ഞൻ രോഗനിർണയം നടത്തുന്നുത്.

മനോരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചില വ്യക്തികളിൽ കൂടുതലും ചിലരിൽ കുറവുമാണ്. പാരമ്പര്യം, ജൈവഘടന, മസ്തിഷ്കത്തിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസങ്ങൾ, കുട്ടിക്കാല അനുഭവങ്ങൾ, ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾ, നിത്യജീവിതത്തിലെ സംഘർഷങ്ങൾ തുടങ്ങിയവ ഒരാളെ മാനസികരോഗങ്ങളിലേക്കു നയിക്കാം.

മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

അസാധാരണമായ പെരുമാറ്റമോ സംസാരമോ തുടർച്ചയായി ഉണ്ടാവുക, ശാരീരിക രോഗങ്ങളെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ, മാരകരോഗങ്ങൾ ഉണ്ടെന്നുള്ള ഭയം, വൈദ്യ പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞിട്ടും രോഗലക്ഷണമുണ്ടെന്ന തോന്നലുമായി പല ഡോക്ടർമാരെയും മാറിമാറി സന്ദർശിക്കുക, ചെയ്ത കാര്യങ്ങൾതന്നെ വീണ്ടും ചെയ്യുക, അനാവശ്യ സംശയങ്ങൾ, തനിയെ സംസാരിക്കുക, ചിരിക്കുക, കരയുക, തനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നുവെന്നും തന്നെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നുള്ള സംശയവും അത് അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളും, അമിതമായ ഉത്കണ്ഠ, ഭയം, നിരാശ, കുറ്റബോധം, ഭാവിയെപ്പറ്റിയുള്ള തെറ്റായ ചിന്തകൾ, ശ്രദ്ധക്കുറവ്, ഒന്നിലും താല്പര്യവും സന്തോഷവും ഇല്ലാതിരിക്കുക, എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറാനും എല്ലാത്തിൽനിന്നും പിൻവലിയാനുമുള്ള പ്രവണത, തുടർച്ചയായ ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, കാരണമില്ലാതെ ശരീരത്തിന്റെ തൂക്കം കുറയുക, വിശപ്പില്ലായ്മ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുക, ലഹരിവസ്തുക്കളോട് അമിത താൽപര്യം, അമിതമായ ഭക്തി തുടങ്ങിയവയിൽ ഒന്നിലേറെ ലക്ഷണങ്ങൾ ഒരു നിശ്ചിത കാലയളവിൽ തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ മനോരോഗമാണെന്ന് കണക്കാക്കാം.

പ്രധാനപ്പെട്ട ചില മനോരോഗ ലക്ഷണങ്ങൾ

ഹാലൂസിനേഷൻ (Hallucination)

കാഴ്ച, രുചി, കേൾവി, മണം, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങളിലൂടെ കിട്ടുന്ന തെറ്റായ ബോധമാണ് ഹാലൂസിനേഷൻ. മറ്റാർക്കും കാണാനാകാത്ത കാഴ്ച ഒരാൾ കാണുന്നത് Visual Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത മണം ഒരാൾക്ക് അനുഭവപ്പെടുന്നത് Olfactory Hallucination, ഒറ്റയ്ക്കിരിക്കുമ്പോൾ ചെവിയിൽ ആരോ സംസാരിക്കുന്നതുപോലെ തോന്നുക, ശബ്ദം കേൾക്കുക എന്നത് Auditory Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത രുചി അനുഭവപ്പെടുന്നത് Gustatory Hallucination, ശരീരത്തിൽ ആരോ സ്പർക്കുന്നവെന്ന തോന്നൽ Tactile Hallucination.

മിഥ്യാവിശ്വാസങ്ങൾ (Delusions)

യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് ഈ ഗണത്തിൽ പെടുത്തുക. മറ്റുള്ളവർ തന്നെക്കുറിച്ചാണ് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന തെറ്റായ വിശ്വാസം, തന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം നശിച്ചുപോയെന്ന വിശ്വാസം, താൻ അപരാധിയാണെന്ന അമിതമായ കുറ്റബോധം, ജീവിതപങ്കാളിക്ക് മറ്റാരെങ്കിലുമായി രഹസ്യബന്ധമുണ്ടെന്ന തെറ്റായ വിശ്വാസം, സമൂഹത്തിലെ ഉന്നതനായ ഒരാൾക്ക് തന്നെ ഇഷ്ടമാണെന്ന തെറ്റായ ധാരണ, ഗുരുതരമായ രോഗമുണ്ടെന്നും അതിനിയും കണ്ടുപിടിച്ചിട്ടില്ല എന്നുമുള്ള തോന്നൽ, തന്നെ ചിലർ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തോന്നൽ, മറ്റുള്ളവരേക്കാൾ സാമ്പത്തികശേഷിയും കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന തെറ്റായ വിശ്വാസം, ഒരു ചിന്തയിൽനിന്നോ ആശയത്തിൽനിന്നോ പരസ്പരബന്ധമില്ലാത്ത മറ്റൊരു ചിന്തയിലേക്കോ ആശയത്തിലേക്കോ തെന്നിപ്പോവുക, ഒരേ കാര്യംതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുക, സംസാരം കുറഞ്ഞുവന്ന് ആശയങ്ങൾ ഇല്ലാതാകുക, അസാധാരണമായ ഊർജത്തോടെയും ഭാവഹാവാദികളോടെയും സംസാരിക്കുക, മനസ്സ് പെട്ടെന്ന് ശൂന്യമാകുകയും പിന്നീട് പുതിയ ചിന്ത ഉടലെടുക്കുകയും ചെയ്യുക, ഇഷ്ടമില്ലാത്ത ചിന്തകളും ആശയങ്ങളും മനസിലേക്കു കടന്നുവരിക, അത് തിരിച്ചറിയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാവാതിരിക്കുക, കൈ കഴുകുക, തുപ്പുക തുടങ്ങിയ ചില ചേഷ്ടകൾ ആവർത്തിച്ചുകൊണ്ടിരിക്കുക, മനസ്സിന്റെ സ്ഥായിഭാവവും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിവരുന്ന മനസ്സിന്റെ ഭാവവും അസാധാരണമായി പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

മതിഭ്രമം (Illusions)

ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റായി മനസ്സിലാക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നതാണ് മതിഭ്രമം. ഇത് മനോരോഗമില്ലാത്തവർക്കും അനുഭവപ്പെടാം.

മനോരോഗങ്ങൾക്ക് പ്രകടമായ ചില പൊതുലക്ഷണങ്ങളുണ്ട്. ഓരോ രോഗത്തിനും അതിന്റേതായ ലക്ഷണങ്ങളുമുണ്ട്. പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെപ്പറ്റി മാത്രമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

ആരാണ് മനോരോഗ ചികിത്സകർ?

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽവർക്കർ, സൈക്യാട്രിക് നഴ്സ് തുടങ്ങിയവരാണ് മനോരോഗചികിത്സയിൽ മുഖ്യപങ്കു വഹിക്കുന്നവർ. എംബിബിഎസ്സിനുശേഷം സൈക്യാട്രിയിൽ ഡിപ്ലോമയോ ഡോക്ടർ ബിരുദമോ നേടിയവരാണ് സൈക്യാട്രിസ്റ്റുകൾ. മാനസികരോഗനിർണ്ണയവും അതിനുള്ള ഔഷധചികിത്സയുമാണ് സൈക്യാട്രിസ്റ്റുകൾ ചെയ്യുന്നത്.

ഔഷധരഹിത സൈക്കോതെറാപ്പി രീതികൾ ഉപയോഗിച്ച് ചികിത്സിക്കുന്നവരാണ് സൈക്കോളജിസ്റ്റുകൾ. അംഗീകൃത സർവകലാശാലകളിൽനിന്ന് ചികിത്സാമനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ നേടിയവരും ഡോക്ടറേറ്റ് ളള്ളവരും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവരുമായിരിക്കണം സൈക്കോളജിസ്ററുകൾ.

മനോരോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നവരാണ് സോഷ്യൽവർക്കർമാർ. സൈക്യാട്രിക് സോഷ്യൽവർക്കിൽ എംഎസ്ഡബ്ല്യു നേടിയവരാണിവർ. ബിഎസ്‌സി നഴ്സിങ്ങിനുശേഷം മനോരോഗചികിത്സയിലെ നഴ്സിങ്ങിൽ ഉപരിപഠനം നടത്തിയവരാണ് സൈക്യാട്രിക് നഴ്സുകൾ.

സൈക്കോതെറാപ്പികൾ

കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി
വ്യക്തിയുടെ യുക്തിരഹിതമായ ചിന്തകളേയും മനോഭാവങ്ങളെയും നിർണ്ണയിച്ച് ആരോഗ്യകരമായ ചിന്താരീതികളും പെരുമാറ്റവും രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന തെറാപ്പിയാണിത്.

ബിഹേവിയർ തെറാപ്പി
തെറ്റായ ശീലങ്ങൾ മാറ്റി നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്ന തെറാപ്പിയാണിത്.

ഹിപ്നോതെറാപ്പി
വ്യക്തിയെ വിശ്രമാവസ്ഥയിൽ എത്തിച്ച് മനസിനെ ഏകാഗ്രമാക്കി ഗുണകരമായ നിർദേശങ്ങൾ നൽകുന്ന ചികിത്സയാണിത്.

ഗൈഡൻസ് ആൻഡ് കൗൺസിലിങ്
വ്യക്തിയുടെ ഉൾക്കാഴ്ച വികസിപ്പിക്കാനും പ്രശ്നപരിഹാരശേഷി വർധിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.

ഇന്റർപേഴ്സണൽ തെറാപ്പി
വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സഹായം നൽകുന്ന ചികിത്സാരീതി.

ഫാമിലി തെറാപ്പി
ആരോഗ്യകരമായ കുടുംബബന്ധങ്ങൾ സൃഷ്ടിക്കാനും കുടുംബാംഗങ്ങളുമായുള്ള ആശയവിടവ് പരിഹരിക്കാനും ഊന്നൽ നൽകുന്ന ചികിത്സ.

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കളജിസ്റ്റ്
സോഫ്റ്റ് മെൻഡ് ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ
courtesy : manorama online

NO COMMENTS

LEAVE A REPLY