ഹെൽത്തി കേരള – പകർച്ചവ്യാധികൾക്കെതിരേ ആരോഗ്യവകുപ്പിന്റെ പരിശോധന

132

തിരുവനന്തപുരം : പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയായ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടത്തിയ ”ഹെൽത്തി കേരള” യോടനുബന്ധിച്ചു പകർച്ചവ്യാധികൾക്കു കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വീടുകൾ, സ്ഥാപനങ്ങൾ, പ്ലാൻറ്റേഷനുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, അന്യദേശതൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡിഎംഒ, പ്രോഗ്രാം ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ സംഘവും ബ്ലോക്ക്തലങ്ങളിൽ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ അടങ്ങിയ സംഘവും പരിശോധനയിൽ പങ്കെടുത്തു.

മിക്കവാറും അതിഥി തൊഴിലാളികളുടെ തൊഴിലിടങ്ങളും താമസസ്ഥലങ്ങളും വളരെ വൃത്തിഹീനവും കൊതുകു പെറ്റുപെരുകി രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യവും ഉള്ളവയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തു അവിടെത്തന്നെ കിടന്നുറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലസൗകര്യമോ ആവശ്യത്തിന് ശൗചാലയങ്ങൾ പോലും ഇല്ലാത്ത വളരെ പരിതാപകരമായ സാഹചര്യമാണ് പലയിടത്തും നിലവിലുള്ളത്. തൊഴിലാളികളെ നിയോഗിക്കുന്ന കോൺട്രാക്ടർമാർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ഇത്തരം ഇടങ്ങളിൽ ഇവരെ പാർപ്പിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഇത്തരം സാഹചര്യങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിലെ അധികൃതർക്ക് നോട്ടീസ് നൽകുകയും ന്യൂനതകൾ പരിഹരിച്ചുകൊണ്ടു മാത്രം വീണ്ടും കെട്ടിട നിർമ്മാണ ജോലികൾ തുടരാനായി കർശന നിർദ്ദേശം നൽകി. താമസയോഗ്യമായ സ്ഥലങ്ങളിൽ മാത്രം തൊഴിലാളികളെ പാർപ്പിക്കാൻ പാടുള്ളു എന്ന നിർദ്ദേശത്തോടെയാണ് നോട്ടീസ് നൽകുകയും ചെയ്തു. നിർമ്മാണസ്ഥലങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കുവാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ഇത്തരം സാഹചര്യങ്ങൾ നിലവിലുള്ളത്.

ആകെ 10408 വീടുകൾ, 399 സ്ഥാപനങ്ങൾ, 105 തോട്ടങ്ങൾ, 148 നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, 213 താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 38 വീടുകൾ, 32 സ്ഥാപനങ്ങൾ, 26 താമസസ്ഥലങ്ങൾ, ഒരു തോട്ടം, 26 നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ അതാതുസ്ഥലങ്ങളിൽ കാണുന്ന കുറവുകൾ പരിഹരിക്കണമെന്ന നിർദ്ദേശത്തോടെയാണ് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നൽകിയത്.

കൊതുകിന്റെ ഉറവിടം സൃഷ്ടിക്കുക, കക്കൂസ് കുഴിയുടെ മൂടി ശരിയായി അടച്ചു സൂക്ഷിക്കാതിരിക്കുക, മലിനജലം പുറത്തേക്കൊഴുക്കുക, മാലിന്യം ശരിയായി സംസ്‌കരിക്കാതിരിക്കുക എന്നീ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ പരിശോധിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ ന്യൂനതകൾ പരിഹരിക്കുന്നതു വരെ തൽക്കാലം അടച്ചുപൂട്ടാനുള്ള നോട്ടീസ് നൽകുകയും ചെയ്തു.

NO COMMENTS