വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന ശീലം തനിക്കില്ല – കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി.

46

വടകര: വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന ശീലം തനിക്കില്ലെന്നും . അതിനാല്‍ വടകരയിലും വട്ടിയൂര്‍ക്കാവിലും മാത്രമാണ് താന്‍ ഇടപെട്ടതെന്നും തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും കൂടിയാലോചന നടത്തിയില്ല. വടകരയില്‍ ജയിക്കാവുന്ന ഒരു ഡിവിഷന്‍ വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്തി. താന്‍ വോട്ട് ചെയ്തിടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ ഒളിയമ്ബ്. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷന്‍ സ്ഥാനാര്‍ഥിയെ ചൊല്ലി മുരളിയും മുല്ലപ്പള്ളിയും നേരത്തെ ഇടഞ്ഞിരുന്നു.

മുമ്പ് നേതാക്കള്‍ക്ക് പാര്‍ട്ടി ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ഇന്ന് ചിലര്‍ക്ക് ഗ്രൂപ്പ് ജയിക്കണമെന്ന് മാത്രമാണ്. ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.പാര്‍ട്ടിക്ക് ഒരു മേജര്‍ സര്‍ജറി വേണ്ടിവരും. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥയാണ്.

പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്ന നിലയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം.എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചര്‍ച്ച നടത്തണം. ആരും മാറിനില്‍ക്കണമെന്ന് താന്‍ പറയുന്നില്ല. ഒരാള്‍ മാറിയത് കൊണ്ട് കാര്യമില്ല. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.

NO COMMENTS