തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം

183

തൃശൂര്‍ • കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചുള്ള തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം. വിയ്യൂരില്‍ കോണ്‍ഗ്രസ് പ്രകടനത്തിനിടെ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയതതിനെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. അതേസമയം, ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി മുടക്കം കൂടാതെ നടത്തി. കാറും ബൈക്കും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതും യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍ വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്. അനില്‍ അക്കര എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഉമ്മന്‍ ചാണ്ടി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. മുന്‍ നിരയിലെ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ അക്കര എംഎല്‍എയ്ക്കു അടിയേറ്റത്. വീണുപോയ എംഎല്‍എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. എല്ലു പൊട്ടിയിട്ടുണ്ട്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY